ആർ.സി​.ബി​ ആരവം, ഡബ്ളിയു.പി.എൽ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറുവിക്കറ്റിന് തോൽപ്പിച്ചു

Friday 06 February 2026 12:25 AM IST

വഡോദര : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം കിരീ‌ടം നേടി സ്മൃതി മാന്ഥന നയിക്കുന്ന ആർ.സി.ബി. ഇന്നലെ വഡോദരയിൽ നട‌ന്ന ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറുവിക്കറ്റിന് കീഴടക്കിയാണ് ആർ.സി.ബിയുടെ കിരീടധാരണം. വിജയിക്കാൻ വേണ്ടിയിരുന്ന 204 റൺസ് രണ്ടു പന്തുകൾ മാത്രം ശേഷിക്കേയാണ് ആർ.സി.ബി അടിച്ചെടുത്തത്. ക്യാപ്ടന്റെ ഉത്തരവാദിത്വവുമായി ചേസിംഗിനിറങ്ങിയ സ്മൃതി മാന്ഥനയും (87), ഓസ്ട്രേലിയൻ താരം ജോർജിയ വാളും (79) നേടിയ അർദ്ധസഞ്ച്വറികളാണ് ആർ.സി.ബിക്ക് ജയം നൽകിയത്. ഇരുവരും പുറത്തായശേഷം ആർ.സി.ബി ഒന്ന് പതറിയെങ്കിലും അവസാന ഓവറിൽ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് രാധാ യാദവ് വിജയമൊരുക്കി.

കലാശക്കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് 203 റൺസ് നേ‌ടിയത്. ക്യാപ്ടൻ ജെമീമ റോഡ്രിഗസിന്റെ അർദ്ധസെഞ്ച്വറിയും (57) ലോറ വോൾവാട്ട് (44), ചിനേലെ (35*) ഹെൻറി (35), ലിസല്ലെ ലീ (37),ഷെഫാലി വെർമ്മ (20) എന്നിവരുടെ പിന്തുണയുമായാണ് ഡൽഹിയെ ഈ സ്കോറിലെത്തിച്ചത്.

ഓപ്പണിംഗിൽ 5.5 ഓവറിൽ 49 റൺസാണ് ലീയും ഷെഫാലിയും കൂട്ടിച്ചേർത്തത്. 13 പന്തുകളിൽ മൂന്ന് ഫോറുകൾ പായിച്ച ഷെഫാലിയാണ് ആദ്യം പുറത്തായത്. 30 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടക്കം 37 റൺസ് നേടിയ ലീ എട്ടാം ഓവറിൽ പുറത്തായി. തുടർന്ന് ക്രീസിലൊരുമിച്ച ജെമീമയും ലോറയും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 പന്തുകളിൽ 76 റൺസ് കൂട്ടിച്ചേർത്തു.37 പന്തുകളിൽ എട്ടുബൗണ്ടറികൾ പായിച്ച ജമീമ 16-ാം ഓവറിൽ മടങ്ങിയ ശേഷം ലോറയും ഹെൻറിയും ചേർന്ന് കത്തിച്ചു. ലോറ 25 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പായിച്ചപ്പോൾ ഹെൻറി 15 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തി.

മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് ഓപ്പണർ ഗ്രേസ് ഹാരിസിനെ (9) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതിയും ചേർന്ന് കൂട്ടിച്ചേർത്ത 163 റൺസ് കളിയുടെ വിധി മാറ്റിയെഴുതി. സ്മൃതി 41 പന്തുകളിൽ 12 ബൗണ്ടറികളും മൂന്ന് സിക്സുകളും പായിച്ചപ്പോൾ ജോർജിയ 54 പന്തുകളിൽ 14 ബൗണ്ടറികൾ കണ്ടെത്തി. 17-ാം ഓവറിൽ ജോർജിയയും, 18-ാം ഓവറിൽ റിച്ച ഘോഷും (6), 19-ാം ഓവറിൽ സ്മൃതിയും പുറത്തായപ്പോൾ ഡൽഹിക്ക് നേരിയ പ്രതീക്ഷ കൈവന്നെങ്കിലും രാധയേയും വിധിയേയും തടുക്കാൻ അവർക്കായില്ല.

വനിതാ പ്രിമിയർ ലീഗിൽ രണ്ടുവട്ടം കിരീടം നേടുന്ന രണ്ടാമത്തെ ടീമാണ് ആർ.സി.ബി.

2024ലാണ് ഇതിനുമുമ്പ് ആർ.സി.ബി ചാമ്പ്യന്മാരായത്. അന്നും സ്മൃതിയാണ് നയിച്ചത്.

രണ്ടുവട്ടം കിരീ‌ടം നേടിയ രണ്ടാമത്തെ ടീമാണ് ആർ.സി.ബി, ആദ്യ ടീം മുംബയ് ഇന്ത്യൻസ്

വനിതാ പ്രിമിയർ ലീഗിൽ ഇതുവരെ നടന്ന നാലുഫൈനലുകളിലും കളിച്ച ഏകടീമാണ് ഡൽഹി

പക്ഷേ ഇതുവരെ ഒരു ഫൈനലിൽ പോലും ജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

സീസണിൽ ഇത് രണ്ടാം തവണയാണ് ഡൽഹി 200ന് മുകളിൽ സ്കോർ ചെയ്യുന്നത്.

പക്ഷേ ആ രണ്ട് കളികളിലും അവർക്ക് തോൽക്കേണ്ടിവന്നു.