സ്കൂളിലെ ചുരിദാർ വിവാദം പൊലീസ് കേസെടുത്തു, സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

Friday 06 February 2026 12:27 AM IST

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചുവന്ന പ്രഥമാദ്ധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രഥമാദ്ധ്യാപിക കൊട്ടാരക്കര അവണൂർ ശിവനിലയത്തിൽ സിന്ധു എസ്.നായരുടെ പരാതിയിലാണ് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെ പ്രതിചേർത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശശാങ്കനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

തടഞ്ഞുവച്ചതിനും മാനഹാനി വരുത്തിയതിനും 126(2), 79 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ച രാവിലെ 8.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള മുട്ടയുമായി ഓട്ടോയിൽ വന്നിറങ്ങിയപ്പോഴാണ് സ്കൂളിന്റെ ഗേറ്റ് അടച്ചുകൊണ്ട് സെക്യൂരിറ്റി ജീവനക്കാരൻ പ്രഥമാദ്ധ്യാപികയെ തടഞ്ഞത്. ചുരിദാർ ധരിച്ചുകൊണ്ടുവന്നാൽ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് മാനേജരുടെ നിർദ്ദേശമുണ്ടെന്ന് പറഞ്ഞാണ് ഗേറ്റ് അടച്ചത്. പ്രഥമാദ്ധ്യാപിക തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസും പി.ടി.എ ഭാരവാഹികളുമെത്തിയാണ് സ്കൂളിൽ പ്രവേശിപ്പിക്കാൻ സാഹചര്യമൊരുക്കിയത്.

ചുരിദാർ ധരിച്ചുകൊണ്ട് സ്കൂളിൽ വരരുതെന്നും സാരിയാണ് ധരിക്കേണ്ടതെന്നും മാനേജർ കെ.സുരേഷ് കുമാർ തലേ ദിവസം നേരിട്ടുതന്നെ പ്രഥമാദ്ധ്യാപികയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ സിന്ധു എസ്.നായരെ ഗേറ്റിൽ തടഞ്ഞത്. എന്നാൽ പ്രഥമാദ്ധ്യാപികയെ തടയാൻ താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും സാരി ഉടുത്തുകൊണ്ട് വരണമെന്ന് തമാശയായി പറഞ്ഞിട്ടുണ്ടാകാമെന്നും മാനേജർ അമ്പലക്കര കെ.സുരേഷ് കുമാർ പറഞ്ഞു. മാനേജർക്കെതിരെ കേസെടുത്തിട്ടില്ല.