പഞ്ചാബിന്റെ നെഞ്ചത്ത് കേരളത്തിന്റെ പഞ്ചാരി മേളം
സെമിയിൽ പഞ്ചാബിനെ 4-0ത്തിന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഫൈനൽ ഞായറാഴ്ച, എതിരാളികൾ സർവീസസ്
ധാഖുവഖാന : അസാമിലെത്തി ആദ്യ മത്സരത്തിൽ 3-1ന് തകർത്തുവിട്ടിരുന്ന പഞ്ചാബിനെ ഇന്നലെ സെമിഫൈനലിൽ വീണ്ടും പഞ്ചറാക്കി കേരളം തുടർച്ചയായ രണ്ടാം വർഷവും സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി.മറുപടിയില്ലാത്ത നാലുഗോളുകൾക്കായിരുന്നു അവസാന നാലിലെ കേരളത്തിന്റെ ജയം. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോൽപ്പിച്ച ഏക ടീമായ സർവീസിനെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ കേരളം നേരിടേണ്ടത്.
ഇരട്ട ഗോളുകൾ നേടിയ പി.ടി മുഹമ്മദ് റിയാസും ഓരോ ഗോളടിച്ച വിഘ്നേഷും അജ്സലുമാണ് കേരളത്തിനായി തകർപ്പൻ വിജയമൊരുക്കിയത്. ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കഷ്ടിച്ച് കടന്നുകൂടിയ പഞ്ചാബിന്റെ വലയിൽ ആദ്യ പകുതിയിൽതന്നെ മൂന്നു ഗോളുകൾ വീഴ്ത്തി കേരളം ആധിപത്യമുറപ്പിച്ചു. 16-ാം മിനിട്ടിൽ ഈ ടൂർണമെന്റിെലെ കേരളത്തിന്റെ ഗോളടിയന്ത്രം മുഹമ്മദ് അജ്‌സലിലൂടെയാണ് സ്കോറിംഗ് തുടങ്ങിയത്. ഫൈനൽ റൗണ്ടിലെ അജ്സലിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. പഞ്ചാബിനെതിരെ ആദ്യ മത്സരത്തിൽ അജ്‌സൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. 34-ാം മിനിട്ടിൽ റിയാസ് തന്റെ ആദ്യ ഗോൾ നേടി.45-ാം മിനിട്ടിൽ വിഘ്നേഷ് സ്കോർ ചെയ്തു. 83-ാം മിനിട്ടിലാണ് റിയാസ് കേരളത്തിന്റെ പട്ടിക പൂർത്തിയാക്കിയത്. ഫൈനൽ റൗണ്ടിൽ റിയാസ് നേടിയ ഗോളുകളുടെ എണ്ണം ഇതോടെ മൂന്നായി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങളൊക്കെ കേരളത്തിന്റെ പ്രതിരോധത്തിൽ അവസാനിച്ചപ്പോൾ പഞ്ചാബിന്റെ കളി പലപ്പോഴും പരുക്കനായി. 72-ാം മിനിട്ടിൽ സജീഷിനെ ഫൗൾ ചെയ്തിട്ടതിന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും ഏറ്റുവാങ്ങി ഹരിജിത്ത് കരയ്ക്ക് കയറിയതോടെ പഞ്ചാബ് പത്തുപേരായി ചുരുങ്ങി.
ഗോളുകൾ ഇങ്ങനെ
1-0
16-ാം മിനിട്ട്
മുഹമ്മദ് അജ്സൽ
അർജുൻ എടുത്ത ഒരു കോർണർ കിക്കിനെ ഫസ്റ്റ് പോസ്റ്റിൽ നിന്നിരുന്ന അജ്സൽ ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിലാക്കുന്നു.
2-0
34-ാം മിനിട്ട്
മുഹമ്മദ് റിയാസ്
അർജുൻ ഗ്രൗണ്ട് ഷോട്ടിലൂടെയെടുത്ത കോർണർ കിക്ക് പാസുചെയ്ത് ബിബിൻ അജയനിലേക്ക് എത്തി. ബിബിന്റെ പാസ് റിയാസിലേക്ക്. റിയാസിന്റെ തകർപ്പൻ ഫിനിഷ്.
3-0
45-ാം മിനിട്ട്
വിഘ്നേഷ്
അജ്സൽ നൽകിയ ബാളുമായി ഇടതുവിംഗലൂടെ ഓടിക്കയറിയ വിഘ്നേഷ് തകർപ്പനടിയിലൂടെ വലകുലുക്കി.
4-0
83-ാം മിനിട്ട്
മുഹമ്മദ് റിയാസ്
പഞ്ചാബ് പ്രതിരോധതാരത്തിന്റെ മിസ്പാസ് പിടിച്ചെടുത്ത് സജീഷ് ബോക്സിനുള്ളിൽ റിയാസിന് തളികയിൽ വെച്ചെന്നോണം നൽകിയ പാസ് കൃത്യമായി വലയിൽ.