കേരള സർവകലാശാല കലോത്സവം എസ്.എഫ.ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബർ ഉപരോധിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്. ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബർ ഉപരോധിച്ചു. യൂണിയൻ കലോത്സവം വൈകുന്നതിലും കായിക പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫണ്ട് നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. വൈസ് ചാൻസലറുടെ ചേംബറിനു മുന്നിൽ പ്രതിഷേധക്കാർ പ്രതീകാത്മക കലോത്സവവും നടത്തി. മാർഗംകളി, ദഫ്മുട്ട് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. ഈ സമയം വി.സി ഓഫീസിലുണ്ടായിരുന്നില്ല. ചേംബർ പൂട്ടിയിട്ടതുകൊണ്ട് ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മൂന്ന് മണിക്കൂർ നേരത്തെ ഉപരോധത്തിന് ശേഷം പൊലീസെത്തിയാണ് വിദ്യാർത്ഥികളെ നീക്കിയത്.
നിലവിലുള്ള യൂണിയന് കഴിഞ്ഞ ഏപ്രിലിൽ യുവജനോത്സവം നടത്തുന്നതിന് ഗ്രാന്റ് അനുവദിച്ചത് കൊണ്ട് നിലവിലെ യൂണിയന് വീണ്ടും യുവജനോത്സവം നടത്താൻ അനുവാദം നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാൽ വിസി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ അധികാരമേല്ക്കാൻ അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നിലവിലത്തെ യൂണിയന് മുൻവർഷത്തെ കലോത്സവ നടത്തിപ്പ് ഏറ്റെടുക്കേണ്ടി വന്നതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. ഇത്തവണത്തെ കലോത്സവവും വൈകാനുള്ള സാധ്യതയുണ്ടെന്നും ഇത് വിദ്യാർഥികളുടെ ഗ്രേസ് മാർക്കിനെ ബാധിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.
എന്നാൽ പുതിയ യൂണിയൻ തിരഞ്ഞെടുപ്പ് ഈ മാസം നടത്തുമെന്നും പുതിയ ഭാരവാഹികളാണ് യൂണിയൻ യുവജനോത്സവം നടത്തേണ്ടതെന്നാണ് വിസി ഡോ: മോഹനൻ കുന്നുമ്മേലിന്റെ നിലപാട്. വിസി യുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മെമന്റോകൾ പ്രതിഷേധക്കാർ നശിപ്പിച്ചതായി പരാതിയുണ്ട്. സർവകലാാലയിലെ സുരക്ഷ വീഴ്ച്ച അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ വിസി രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.