കേര പദ്ധതി; ജില്ലാതല ശില്പശാല നടത്തി

Friday 06 February 2026 2:03 AM IST
കേരള കാർഷിക സർവകലാശാലയുടെ ആനക്കയം അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ നടത്തിയ ശില്പശാല മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.ബീന ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപ്പെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്മന്റ് രീതികൾ എന്നിവയിലുള്ള സമഗ്ര പരിശീലനത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. ജില്ലാതല ശില്പശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.

കേരള കാർഷിക സർവകലാശാലയുടെ ആനക്കയം അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ നടത്തിയ ശില്പശാല മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.ബീന ഉദ്ഘാടനം ചെയ്തു. കേര തൃശൂർ റീജ്യണൽ പ്രോജെക്ട് ഡയറക്ടർ പി.ഉണ്ണിരാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.മധു സുബ്രമണ്യൻ, ഡോ.സുംബുല, എസ്.ശ്രീകല സംസാരിച്ചു.