വിഷ്‌ണുവിന് മാത്രം മെരുക്കാൻ സാധിച്ചിരുന്ന ആനതന്നെ കൊലയാളിയായി; മടക്കം വലിയ ആഗ്രഹം ബാക്കിയാക്കി

Friday 06 February 2026 8:29 AM IST

കാട്ടാക്കട: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന് ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ ഉച്ചക്കട മേലേ തെക്കേവിളാകത്തു വീട്ടിൽ ബിജുകുമാർ -ശ്രീകല ദമ്പതികളുടെ മകൻ വിഷ്ണുവിനെയാണ് (27) ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തിൽ താഴ്‌ത്തി കൊലപ്പെടുത്തിയത്. അഗസ്‌ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാൽ ആണ് അന്വേഷണം നടത്തുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടൂർ ആന പുനരധിവാസം സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ് പറഞ്ഞു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ കുട്ടിയാനകളെ കുളിപ്പിക്കുന്ന നെയ്യാർ ഡാം റിസർവോയറിലെ ഇരപ്പുപാറ കടവിലായിരുന്നു സംഭവം. വിഷ്ണു വർഷങ്ങളായി പരിപാലിച്ചിരുന്ന ഒമ്പത് വയസുള്ള മനു എന്ന ആനയുടെ ആക്രമണത്തിലാണ് ജീവൻ നഷ്ടമായത്. പൊതുവെ കുറുമ്പനായ മനുവിനെ വിഷ്‌ണുവിന് മാത്രമേ മെരുക്കാൻ സാധിച്ചിരുന്നുള്ളൂവെന്ന് സഹപ്രവർത്തകർ പറയുന്നു.

ആനകളോടുള്ള ഇഷ്ടംകൊണ്ട് 18ാം വയസിലാണ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ താത്‌കാലിക ജീവനക്കാരനായി വിഷ്‌ണു ജോലിക്കെത്തിയത്. പിതാവിന്റെ നാടായ വിതുരയിൽവച്ച് ആനകളോടുള്ള തോന്നിയ പ്രിയം മുതിർന്നപ്പോഴും വളർന്നുവരികയായിരുന്നു. നാലുവർഷം മുൻപ് ആനയുടെ ആക്രമണത്തിൽ ചെറിയ പരിക്കേറ്റെങ്കിലും ആനപ്രേമം കൈവിട്ടില്ല. രണ്ടുദിവസം മുൻപായിരുന്നു വിഷ്‌ണു വീട്ടിലെത്തി മടങ്ങിയത്.

വനംവകുപ്പിൽ സർക്കാർ ജോലിയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിഷ്‌ണുവിന്റെ മടക്കം. പത്തനംതിട്ടയിലെ ആന സങ്കേതത്തിൽ പാപ്പാൻ തസ്‌തികയിൽ പരീക്ഷയെഴുതി പട്ടികയിൽ ഇടം നേടിയിരുന്നു. നിയമന ഉത്തരവ് കാത്തിരിക്കെയാണ് ദാരുണാന്ത്യം.