ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; കണിയാപുരം സ്വദേശിയായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണിയാപുരം സ്വദേശിയായ യുവാവ് മരിച്ചു. പോത്തൻകോട് മേലേ ചന്തവിളയിൽ വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കണിയാപുരം വാടയിൽ മുക്ക് ക്രസന്റ് ഹൗസിൽ സുലൈമാന്റെ മകൻ സുധി സുലൈമാനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന മിൽമ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അമ്പാടി ഏജൻസിയുടെ പിക്കപ്പ് വാനിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് യുവാക്കളും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സുധി മരണപ്പെട്ടു. സംഭവത്തിൽ പോത്തൻകോട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.