കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്, കുടുംബം കൊച്ചിയിലെത്തി
കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് (58) സ്ഥിരീകരിച്ചു. നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച ഡിഎൻഎ പരിശോധനാഫലം പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിക്കുപിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയത്. എയർപോർട്ട് അതോറിറ്റി, പൊലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും പിതാവിന്റെ ജീവൻ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാന്റോൺ ലാമ പറഞ്ഞു.
കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമ വർഷങ്ങൾക്ക് മുൻപാണ് ബംഗളൂരുവിലെത്തിയത്. അതിനിടയിൽ ബിസിനസിനായാണ് കുവൈറ്റിലേക്ക് പോയത്. കുവൈറ്റിൽ നാല് റസ്റ്റോറന്റ് ഉടമയായിരുന്നു സൂരജ്. സെപ്തംബർ അഞ്ചിന് കുവൈറ്റിലെ മദ്യദുരന്തത്തിനിരയായതോടെ അദ്ദേഹത്തിന്റെ ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റിൽ നിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു. ബംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല.
തുടർന്ന് സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തെരച്ചിൽ നടത്തുകയും ചെയ്തു. കളമശേരിയിൽ വച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ട സൂരജ് ലാമയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് വീണ്ടും കാണാതാവുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണെന്നാണ് മകൻ ആരോപിക്കുന്നത്. അതേസമയം, മൃതദേഹം ഏറെക്കുറെ ജീർണ്ണിച്ച അവസ്ഥയിലായതിനാൽ അന്ത്യകർമ്മങ്ങൾ കേരളത്തിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.