ശോഭനാ ജോർജ്ജുമായി സംഭാഷണം. 'സി.പി.എം തന്നത് കൂടുതൽ കരുത്ത്,​ ആത്മവിശ്വാസം'

Saturday 07 February 2026 2:20 AM IST

 ചെങ്ങന്നൂരിൽ വിഷ്ണുനാഥിനു വേണ്ടി എന്നെ പിന്തിരിപ്പിച്ച കോൺഗ്രസ് പിന്നെ തിരിഞ്ഞു നോക്കിയില്ല

 പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം രാജ്യത്തെ നമ്പർ വൺ സംസ്ഥാനമായി മാറി

 ദുഷ്പ്രചാരണങ്ങളെ അതിജീവിച്ച് ഇടതു മുന്നണി മൂന്നാമതും അധികാരത്തിൽ വരും

 കോൺഗ്രസിൽ കിട്ടാതിരുന്ന പരിഗണനയും സംരക്ഷണവും സി.പി.എമ്മിൽ അനുഭവിക്കാൻ കഴിയുന്നു

പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റേതായ മേൽവിലാസം പതിപ്പിച്ച നേതാവാണ് ശോഭന ജോർജ്. കോൺഗ്രസിൽ നിന്ന് എൽ.ഡി.എഫിനൊപ്പം മാറിയപ്പോൾ ഖാദി ബോർഡ് ചെയർപേഴ്സണായും 'ഔഷധി"യുടെ അമരക്കാരിയുമായുള്ള അവരുടെ ഭരണ മികവിനും കേരളം സാക്ഷ്യം വഹിച്ചു.

കേരള കോൺഗ്രസ് നേതാവായിരുന്ന മാതാവ് തങ്കമ്മ ജോർജിന്റെ നിഴലായി നിന്ന് രാഷ്ട്രീയ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ശോഭന യൂത്ത്കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. ഇവിടെ നിന്ന് തലയെടുപ്പുള്ള വനിതാ നേതാവായി ശോഭന വളരുന്നതാണ് പിന്നീട് കണ്ടത്.

കെ. കരുണാകരനൊപ്പം ഉറച്ചുനിന്നും വനിതകൾക്കായി ശബ്ദമുയർത്തിയും വളർന്ന ശോഭന മൂന്നുതവണ കേൺഗ്രസ് ടിക്കറ്റിൽ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലെത്തി. കോൺഗ്രസ് നേതാക്കളുമായുള്ള അകൽച്ചയെ തുടർന്ന് സി.പി.എം സഹയാത്രികയായി ശോഭന മാറുന്നതാണ് പിന്നീട് കണ്ടത്. ഒന്നാം പിണറായി സർക്കാരിൽ ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ പദവിയും,​ രണ്ടാംപിണറായി സർക്കാരിൽ 'ഔഷധി" ചെയർപേഴ്സൺ പദവിയും സി.പി.എം നൽകി. ശോഭനാ ജോർജ്ജ് 'കേരളമൗമുദി"യുമായി സംസാരിക്കുന്നു:

? കെ. കരുണാകരനോടൊപ്പമുള്ള പ്രവർത്തനങ്ങൾ?

 ഡൽഹിയിൽ നേരിൽ കാണുവാനും ചേർന്നു നിൽക്കുവാനും കഴിഞ്ഞതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് പ്രത്യേക സ്നേഹവും ആരാധനയുമായി. അന്നു മുതൽ കോൺഗ്രസിനോട് തോന്നിയ സ്നേഹം യൂത്ത് കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയിൽ എത്തിച്ചു. കെ. കരുണാകരന്റെ നിഴലായി നിന്ന് ഐ ഗ്രൂപ്പിന്റെ ശക്തിയായി മാറാനും കഴിഞ്ഞു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എനിക്ക് ചെങ്ങന്നൂർ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള നിയോഗം ലഭിച്ചു. മികവുറ്റ സംസ്ഥാനമായി കേരളത്തെ മാറ്റുവാൻ കരുണാകരന്റെ ഭരണത്തിന് കഴിഞ്ഞിരുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ സൂത്രധാരനായ ലീഡറെ താഴെയിറക്കാൻ കോൺഗ്രസിൽ കുത്സിത ശ്രമങ്ങളുണ്ടായി.

? നേതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നായിരുന്നോ കോൺഗ്രസ് വിട്ടത്.

മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ തെറ്റായ പൊലീസ് നയങ്ങൾക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും വിമർശനം നടത്തിയതോടെ എ ഗ്രൂപ്പിന്റെ ശത്രുവായി ഞാൻ മാറി. ഗ്രൂപ്പിസം ശക്തമായപ്പോൾ വിവാദമായ കേസുകളിൽപ്പെട്ട് ഞാൻ ജയിലിൽ അടയ്ക്കപ്പെടുകയും,​ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആ കേസ് അന്യായമെന്നു കണ്ട് പിൻവലിക്കുകയുമാണുണ്ടായത്. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ കോൺഗ്രസിൽ നിന്ന് രാജിവച്ച് അദ്ദേഹത്തിനൊപ്പം നിന്ന ഒമ്പത് എം.എൽ.എമാരിൽ ഒരാളായിരുന്നു ഞാൻ.

2006- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാകരന്റെ നിർബന്ധപ്രകാരം തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കി എന്നെ പരാജയപ്പെടുത്തി. പിന്നീട് ഡി.ഐ.സി കോൺഗ്രസിൽ ലയിച്ചെങ്കിലും കോൺഗ്രസ് മെമ്പർഷിപ്പ് നൽകാൻ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വിമുഖത കാട്ടി. ഞാനൊഴികെയുള്ളവർക്ക് രമേശ് ചെന്നിത്തല മുൻകൈയെടുത്ത് സ്ഥാനമാനങ്ങൾ നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ ചെങ്ങന്നൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പി.സി. വിഷ്ണുനാഥിനു വേണ്ടി ഉമ്മൻചാണ്ടിയും പി.ജെ. കുര്യനും ഉൾപ്പെടെയുള്ള നേതാക്കൾ എന്നെ സമീപിച്ച് മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചു. തിരഞ്ഞെടുപ്പിനു ശേഷം എല്ലാം പരിഹരിക്കാമെന്ന് വാക്കുനൽകി. വിഷ്ണുനാഥിനുവേണ്ടി പ്രവർത്തിച്ചെങ്കിലും പിന്നീട് ഒരു കോൺഗ്രസുകാരനും തിരിഞ്ഞു നോക്കിയില്ല.

? ഇന്നത്തെ ചെങ്ങന്നൂരിനെക്കുറിച്ച്...

1991-ൽ ചെങ്ങന്നൂരിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 96-ലും 2001-ലും ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. എൻജിനിയറിംഗ് കോളേജ്, ജില്ലാ വിദ്യാഭ്യാസ കേന്ദ്രം, 27പാലങ്ങൾ, 16 റോഡുകൾ, ആറ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ തുടങ്ങി വലിയ മാറ്റങ്ങൾ ആ കാലയളവിൽ ചെങ്ങന്നൂരിൽ കണ്ടു. ശാസ്ത്ര- പുഷ്പമേളകൾ, കലോത്സവങ്ങൾ എന്നിവയിലൂടെ ചെങ്ങന്നൂരിനെ വർണാഭമാക്കി. ഞാൻ തുടങ്ങിയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുവാൻ പി.സി.വിഷ്ണുനാഥിന് കഴിയാതെ വന്നതോടെ ചെങ്ങന്നൂരിൽ നിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് ഉമ്മൻചാണ്ടിയോട് നേരിട്ട് ആവശ്യപ്പെട്ടു. ഇത് നടന്നില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അറിയിച്ചിരുന്നു.

അത് ചെവിക്കൊള്ളാതെ വന്നതോടെയാണ് 2016-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച് 4000 വോട്ട് നേടിയത്. സി.പി.എമ്മിലെ കെ.കെ രാമചന്ദ്രൻ നായർ വിജയിക്കുകയും എൽ.ഡി.എഫ് അധികാരത്തിൽ വരികയുമുണ്ടായി. കെ.കെ.ആറിന്റെ വിജയത്തിൽ എന്റെ പങ്ക് തിരിച്ചറിഞ്ഞ് സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തെങ്കിലും തീരുമാനമെടുക്കാതെ മുന്നോട്ടു പോയി. സജി ചെറിയാൻ ഉൾപ്പെടെയുള്ള സി.പി.എം നേതൃത്വം പാർട്ടിയിൽ നിൽക്കണമെന്ന് നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനെ പിന്തുണയ്ക്കുകയും വൻ ഭൂരിപക്ഷത്തിൽ സജി വിജയിക്കുകയും ചെയ്തു. അതോടെയാണ് ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് എന്നെ നിർദ്ദേശിച്ചത്.

? പിണറായി വിജയൻ സർക്കാരിനെക്കുറിച്ച്.

കേരളംകണ്ട ശക്തനായ ഭരണാധികാരിൽ ഒരാളാണ് പിണറായി വിജയൻ. ദീർഘവീക്ഷണത്തോടെയും നിശ്ചയദാർഢ്യത്തോടെയും അദ്ദേഹം നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ ഫലമായാണ് രണ്ടാമതും അദ്ദേഹം മുഖ്യമന്ത്രിയായത്. അഴിമതിരഹിതമായ ഒരു സദ്ഭരണമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. പിണറായിയുടെ കുടുംബാംഗങ്ങൾക്കെതിരെവരെ നുണക്കഥകൾ പ്രചരിപ്പിച്ച് അദ്ദേഹത്തെയും പാർട്ടിയെയും തളർത്താൻ വലതുപക്ഷ- വർഗീയ കൂട്ടുകെട്ടുകൾ ശ്രമിച്ചിട്ടും ജനങ്ങൾ പിണറായിക്കൊപ്പമാണ് നിലകൊണ്ടത്. പ്രകൃതിദുരന്തങ്ങൾ, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളിൽ അതിജീവനത്തിന്റെ പാതയിലൂടെ ജനതയെ കൈപിടിച്ചു നടത്തിക്കാനും ചേർത്തുപിടിക്കാനും പിണറായിക്ക് കഴിഞ്ഞു. മൂന്നാമതും പിണറായി സർക്കാർ അധികാരത്തിലെത്തും.

? ഖാദി ബോർഡിലെ പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നോ 'ഔഷധി" ചെയർപേഴ്സൺ പദവി ?

 ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനം നൽകുമ്പോൾ പാർട്ടി അർപ്പിച്ച പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികളെ ഒത്തൊരുമിപ്പിച്ചും ആനുകൂല്യങ്ങൾ നൽകിയും കാലത്തിനനുസരിച്ചുള്ള ഉത്പന്നങ്ങൾ പുറത്തിറക്കിയും ലാഭകരമാക്കിയും മുൻനിര പ്രസ്ഥാനമായി ഖാദി ബോർഡിനെ മാറ്റി. ഖാദി പുറത്തിറക്കിയ 'സഖാവ്" ഷർട്ട് ജനങ്ങൾ ഏറ്റെടുത്തു. ആയുർവേദത്തെ കൂടുതൽ ജനകീയമാക്കാനാണ് 'ഔഷധി"യിലൂടെ ശ്രമിച്ചത്. കോടിക്കണക്കിന് രൂപയുടെ ലാഭത്തിലേക്ക് 'ഔഷധി" മാറി. മാനേജ്മെന്റും തൊഴിലാളികളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത് കൊണ്ടാണിത്. 27കോടിയുടെ നവീകരണം അവസാനഘട്ടത്തിലാണ്.

? സി.പി.എമ്മിൽ എത്തിയപ്പോൾ തോന്നിയ മാറ്റം.

 പ്രവർത്തകർക്കും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സി.പി.എം നൽകുന്ന സംരക്ഷണ കവചം കൂടുതൽ ആത്മവിശ്വാസം നൽകും. അത് കോൺഗ്രസിൽ ലഭിക്കുന്നില്ല. തീരുമാനങ്ങൾ പാർട്ടിനേതൃത്വത്തെ അറിയിക്കുമ്പോൾ അതിലെ തെറ്റും ശരിയും കണ്ടെത്തി കൂടുതൽ കരുത്ത് പകരുന്ന സമീപനമാണ് സി.പി.എമ്മും എൽ.ഡി.എഫും സ്വീകരിക്കുന്നത്.

? രാഷ്ട്രീയത്തിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളി.

സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ എന്നും ശക്തമായി പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. പൊതുപ്രവർത്തകരായ സ്ത്രീകൾക്കെതിരെ ഗോസിപ്പുകൾ ഇറക്കിയും വ്യക്തിഹത്യ നടത്തിയും അവരെ നിഷ്കാസനം ചെയ്യുന്ന പുരുഷമേധാവിത്വം എല്ലാ മേഖലയിലുമെന്ന പോലെ രാഷ്ട്രീയത്തിലുമുണ്ട്. സ്ത്രീകൾക്കും യുവജനങ്ങൾക്കും വേണ്ട പരിഗണനയും പരിരക്ഷയും കമ്യൂണിസ്റ്റ് പാർട്ടിയിൽ ആവോളമുണ്ട്.

എല്ലാം ഈശ്വരനിൽ അർപ്പിച്ചു കൊണ്ടുള്ള ഒരു ജീവിതമാണ് എന്റേത്. പരുമല പള്ളിയിൽ പോകുന്നതോടൊപ്പം ചെങ്ങന്നൂർ അമ്പലത്തിലും പോകും. ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നതും മുടക്കാറില്ല.

ഭർത്താവ് ചെങ്ങന്നൂർ പൂവത്തൂർ കുടുംബാംഗം റിട്ട. നാഷണൽ സേവിംഗ്സ് ഡയറക്ടർ ഐസക് ജോർജും ഏക മകൾ രമ്യാ ജോർജും ആർക്കിടെക്ടായ മരുമകൻ ജോർജ് ജേക്കബും നൽകുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.