എം.സി.എഫുകൾ നിറഞ്ഞ് അകവും പുറവും മാലിന്യം

Saturday 07 February 2026 12:14 AM IST

പത്തനംതിട്ട: ജില്ലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ നിറഞ്ഞുകവിയുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വർദ്ധിച്ചതോടെ നിലവിലുള്ള എം.സി.എഫുകളിൽ സംഭരിക്കാൻ കഴിയുന്നതിലധികം മാലിന്യം ശേഖരിക്കേണ്ടിവരികയാണ്.

ജില്ലയിലെ അൻപത്തിമൂന്ന് പഞ്ചായത്തുകളിലായി 833 വാർഡുകളിൽ എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭകളിൽ ഒരു വാർഡിൽ തന്നെ രണ്ടോ അതിലധികമോ എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മ സേനകൾക്കാണ് മാലിന്യം നീക്കേണ്ട ചുമതല. വീട്ടിൽ നിന്ന് തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിൽ കാലതാമസം വരുത്തുന്നുണ്ട്.

ഇതുമൂലം എം.സി.എഫുകൾ നിറയുകയും ബാക്കിശേഖരിക്കുന്ന മാലിന്യങ്ങൾ എം.സി.എഫിന് പുറത്ത് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ക്ലീൻ കേരള കമ്പനിയാണ് ജില്ലയിൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നത്. മാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ ലഭിക്കുന്നുണ്ടെങ്കിലും സാനിട്ടറി മാലിന്യം ഒഴികെയുള്ളവയാണ് ശേഖരിക്കുന്നത്.

ക്ളീൻ കേരള അത്ര ക്ളീനല്ല

 മാലിന്യം യഥാസമയം സംസ്കരിക്കാൻ ശേഖരിക്കുന്നില്ല

 പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാൻ ഇത് കാരണമായി

 പലപ്പോഴും മാലിന്യച്ചാക്കുകൾ വഴിയിലേക്ക് നീളുന്നു

 വേനൽക്കാലമായതിനാൽ തീപിടിത്തത്തിന് സാദ്ധ്യത

 എം.സി.എഫുകൾക്ക് പുറത്ത് ഭക്ഷണ മാലിന്യവും തള്ളുന്നു

തെരുവുനായ്ക്കളുടെ താവളം

ഹരിത ക‌ർമ്മ സേനകൾ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യത്തിന് പുറമേ നിരവധിയാളുകൾ ഭക്ഷണാവശിഷ്ടങ്ങൾ കവറുകളിലാക്കി എം.സി.എഫുകൾക്ക് പുറത്ത് തള്ളുന്നുണ്ട്. ഇത് തെരുവുനായ്ക്കളെ അവിടേയ്ക്ക് ആകർഷിക്കുന്നു. നാട്ടുകാർക്ക് വലിയ ഭീഷണിയാണ് ഇതുയർത്തുന്നത്. യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ചിലയിടങ്ങളിൽ ദുർഗന്ധം കാരണം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്.

കുട്ടികളടക്കം താമസിക്കുന്ന സ്ഥലത്താണ് എം.സി.എഫുകളുള്ളത്. തെരുവുനായ്ക്കൾ കാരണം നാട്ടുകാർക്ക് റോഡിലേക്ക് പോലും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.

അഹമ്മദ് കബീർ,

പ്രദേശവാസി