അവധിയിലുള്ള പൊലീസുകാർ യുവാവിനെയും സുഹൃത്തിനെയും മർദ്ദിച്ചതായി പരാതി
കൊച്ചി: അവധിയിൽ കഴിയുന്ന പൊലീസുകാർ പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി. സംഭവത്തിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പ്രതികളാക്കി മുളവുകാട് പൊലീസ് കേസെടുത്തു.
പുതുവൈപ്പ് സ്വദേശിയായ നെസ്റ്റണും (31) സുഹൃത്ത് നിഥിനുമാണ് (30) മർദ്ദനമേറ്റത്. ഇരുവരും വ്യാഴാഴ്ച വൈകിട്ട് വളർത്തുനായ്ക്കളുമായി പുതുവൈപ്പ് ബീച്ച് സന്ദർശിച്ച് എൽ.എൻ.ജി റോഡ് വഴി മടങ്ങുമ്പോഴായിരുന്നു സംഭവം. ഈ സമയം പൊലീസുകാർ കാളമുക്ക് ഭാഗത്ത് നിന്ന് കാറിൽ പുതുവൈപ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വാഹനത്തിന്റെ അമിത വേഗത കണ്ട നെസ്റ്റൺ വേഗത കുറയ്ക്കാൻ കൈകൊണ്ട് അടയാളം കാട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് നെസ്റ്റണ് മർദ്ദനമേറ്റത്. മൂന്നു പേരും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് മടങ്ങിയ നെസ്റ്റണെയും സുഹൃത്തിനെയും പിന്തുടർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന 90 പൗണ്ടും നഷ്ടമായി. ബ്രിട്ടനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് നെസ്റ്റൺ. അതിനിടെ പൊലീസുകാരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. യുവാക്കൾ മർദ്ദിച്ചെന്നാണ് ഇവരുടെ വാദം. മൂന്നു പൊലീസുകാരും കുറച്ചു നാളുകളായി മെഡിക്കൽ അവധിയിലാണ്. പൊലീസുകാർ പുതുവൈപ്പ് നിവാസികളാണെന്നാണ് വിവരം.