ഇനി ഇമ്മിണി വല്യ കപ്പ് !

Friday 06 February 2026 10:46 PM IST

സീനിയർ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

ഇന്ത്യയുടെ ആദ്യ മത്സരം രാത്രി ഏഴിന് മുംബയ്‌യിൽ

മുംബയ് /കൊൽക്കത്ത /കൊളംബോ : കൗമാരക്കാരുടെ ലോകകപ്പിന് സിംബാബ്‌വേയിൽ കൊടിയിറങ്ങിയപ്പോൾ കരിവീന്മാരുടെ പൂരത്തിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇന്ന് കൊ‌ടിയേറുകയാണ്. ബംഗ്ളാദേശിനെ ഒഴിവാക്കിയതും പാകിസ്ഥാന്റെ ബഹിഷ്കരണഭീഷണിയും പകർന്ന വിവാദപ്രതിച്ഛായയിലാണ് പത്താമത് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നത്. മുസ്താഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന്റെ പ്രതിഷേധമായി ഇന്ത്യയിലേക്ക് കളിക്കാൻ വരില്ലെന്ന് നിലപാടെടുത്ത ബംഗ്ളാദേശിനെ ഒഴിവാക്കി ഐ.സി.സി സ്കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബംഗ്ളാദേശിന് അനുഭാവം പ്രകടിപ്പിച്ച് ഇന്ത്യയ്ക്ക് എതിരായ മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയാണ് പാകിസ്ഥാന്റേത്. ആദ്യ ദിവസം മൂന്ന് മത്സരങ്ങളാണുള്ളത്. രാവിലെ 11ന് കൊളംബോയിൽ പാകിസ്ഥാൻ നെതർലാൻഡ്സിനെയും ഉച്ചതിരിഞ്ഞ് മൂന്നിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ സ്കോട്ട്‌ലാൻഡ് വിൻഡീസിനെയും രാത്രി ഏഴിന് മുംബയ്‌ വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ത്യ അമേരിക്കയേയും നേരിടും.

20 ടീമുകൾ

4 ഗ്രൂപ്പുകൾ

ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും അവസാനിമിഷം ബംഗ്ളാദേശിന് പകരക്കാരായി എത്തിയ സ്കോട്ട്‌ലാൻഡും ഉൾപ്പടെ 20 ടീമുകളാണ് ഈ ലോകകപ്പിൽ മത്സരിക്കുന്നത്. അഞ്ചു ടീമുകൾ വീതമടങ്ങുന്ന നാലുഗ്രൂപ്പുകൾ. ഒരു ടീമിന് ഗ്രൂപ്പ് റൗണ്ടിൽ നാലു മത്സരങ്ങൾ. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ എട്ട് റൗണ്ടിലേക്ക് കടക്കും. സൂപ്പർ എട്ട് റൗണ്ടിൽ നാലുടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പിലെ മറ്റ് ടീമുകളെ നേരിടും. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. മാർച്ച് നാല്,അഞ്ച് തീയതികളിലായാണ് സെമിഫൈനലുകൾ നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. പാകിസ്ഥാൻ സെമിയിലോ ഫൈനലിലോ എത്തുകയാണെങ്കിൽ മത്സരവേദി കൊളംബോ ആയിരിക്കും.

ഗ്രൂപ്പ് എ

ഇന്ത്യ, പാകിസ്ഥാൻ,യു.എസ്.എ,നമീബിയ,നെതർലാൻഡ്സ്

ഗ്രൂപ്പ് ബി

ഓസ്ട്രേലിയ, അയർലാൻഡ്,ഒമാൻ,ശ്രീലങ്ക,സിംബാബ്‌വേ

ഗ്രൂപ്പ് സി

ഇംഗ്ളണ്ട്,ഇറ്റലി, നേപ്പാൾ,സ്കോട്ട്‌ലാൻഡ്, വെസ്റ്റ് ഇൻഡീസ്

ഗ്രൂപ്പ് ഡി

അഫ്ഗാനിസ്ഥാൻ,കാനഡ,ന്യൂസിലാൻഡ്,ദക്ഷിണാഫ്രിക്ക.യു.എ.ഇ

അമേരിക്കയെ അടിച്ചിടാൻ

സൂര്യയും സംഘവും

ട്വന്റി-20 ഫോർമാറ്റിലെ നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യ സ്വന്തം മണ്ണിൽ കിരീടം നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ, അമേരിക്ക, നമീബിയ,നെതർലാൻഡ്സ് എന്നിവർക്കൊപ്പമാണ് മത്സരിക്കേണ്ടത്. പാകിസ്ഥാനൊഴിച്ച് ഗ്രൂപ്പിൽ കടുത്ത എതിരാളികൾ ആരുമില്ല. പാകിസ്ഥാനുമായുള്ള കളി നടക്കുമെന്ന് ഉറപ്പുമില്ല.

ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരായ അഞ്ചുമത്സരപരമ്പര 4-1ന് നേടിയ ആവേശത്തിലാണ് സൂര്യകുമാർ നയിക്കുന്ന ഇന്ത്യൻ ടീം.ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സന്നാഹമത്സരത്തിലും ജയിക്കാനായി. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ തിലക് വർമ്മ ഫോമിലായത് ടീമിന് കരുത്തേകുന്നു. അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികവ് കാട്ടിയ ഇഷാൻ കിഷനാകും വിക്കറ്റ് കീപ്പർ ബാറ്ററായി പ്ളേയിംഗ് ഇലവനിലുണ്ടാവുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. പരിക്കിലുള്ള വാഷിംഗ്ടൺ സുന്ദറിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്ക.

ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരേയൊരു തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ. അന്ന് 110/8ൽ അവസാനിച്ച അമേരിക്കയെ 10 പന്തുകൾ ശേഷിക്കേ ഇന്ത്യ ചേസ് ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇന്ത്യ, പാകിസ്ഥാൻ വംശജരായ കളിക്കാരാണ് അമേരിക്കൻ ടീമിൽ ഭൂരിപക്ഷവും. വിക്കറ്റ് കീപ്പർ ബാറ്ററായ മൊനാങ്ക് പട്ടേലാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ ,സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി, .

ഇന്ത്യയുടെ മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 12

Vs നമീബിയ

(ഡൽഹി)

ഫെബ്രുവരി 15

Vs പാകിസ്ഥാൻ

(കൊളംബോ)

ഫെബ്രുവരി 18

Vs നെതർലാൻഡ്സ്

(അഹമ്മദാബാദ്)

മൂന്നാം കിരീടം തേടി ഇന്ത്യ

രണ്ട് വട്ടം ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ലോകകപ്പിൽ ധോണിയാണ് കിരീടത്തിലേക്ക് നയിച്ചത്. 2024ൽ അമേരിക്കയിലും വിൻഡീസിലുമായി നടന്ന ഒൻപതാമത് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. രോഹിത് ശർമ്മയായിരുന്നു നായകൻ. ഇതിഹാസതാരം വിരാട് കൊഹ്‌ലിയും ടീമിലുണ്ടായിരുന്നു. ലോകകപ്പ് നേട്ടത്തിന് ശേഷമാണ് രോഹിതും കൊഹ്‌ലിയും ഒപ്പം രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത്.

5

വേദികളാണ് ലോകകപ്പിനായി ഇന്ത്യയിലുള്ളത്. ന്യൂഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണവ. ലങ്കയിൽ മൂന്ന് വേദികൾ. കൊളംബോയിൽ രണ്ട് വേദികൾ.പല്ലെക്കിലെയിൽ ഒരു വേദി.

55

ഫൈനൽ ഉൾപ്പടെ 55 മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെയുള്ളത്.

ഇന്നത്തെ മത്സരങ്ങൾ

പാകിസ്ഥാൻ Vs നെതർലാൻഡ്സ്

11 am മുതൽ കൊളംബോയിൽ

സ്കോട്ട്‌ലാൻഡ് Vs വിൻഡീസ്

3pm മുതൽ കൊൽക്കത്തയിൽ

ഇന്ത്യ Vs അമേരിക്ക

7pm മുതൽ മുംബയ്‌യിൽ

ലൈവ് : സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും