സന്തോഷ് ട്രോഫി ഫൈനൽ നാളെ

Saturday 07 February 2026 1:48 AM IST

സിലാപത്തർ : കേരളവും സർവീസസും തമ്മിലുള്ള സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ നാളെ ഉച്ചയ്ക്ക് ഒന്നിന് അസാമിൽ നടക്കും. സെമിയിൽ പഞ്ചാബിനെ 4-0ത്തിന് തകർത്താണ് ജി.സഞ്ജു നയിക്കുന്ന കേരളടീം ഫൈനലിലെത്തിയത്. റെയിൽവേയ്‌സിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് സർവീസസ് കലാശക്കളിക്കെത്തുന്നത്. പ്രാഥമിക റൗണ്ടിൽ കേരളത്തെ തോൽപ്പിച്ച ഏക ടീമാണ് സർവീസസ്. 2012-13 സീസണിൽ കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് കിരീടം നേടിയത് സർവീസസാണ്.

ഗ്രൂപ്പ് റൗണ്ടിൽ പ​ഞ്ചാ​ബി​നെ​ 3​-1​ന് ​തോ​ൽ​പ്പി​ച്ച് ​തു​ട​ങ്ങി​യ​ ​കേ​ര​ളം​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ 1​-1​ന് ​റെ​യി​ൽ​വേ​യ്സു​മാ​യി​ സ​മ​നി​ല​യി​ൽ​ ​പി​രി​യു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഒ​ഡി​ഷ​യെ​ 1​-0​ത്തി​നും മേ​ഘാ​ല​യ​യെ​ 3​-0​ത്തി​നും​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാ​മ​ന്മാ​രാ​യെങ്കിലും അവസാന മത്സരത്തിൽ സർവീസസിനോട് ഏകപക്ഷീയമായ ഏക ഗോളിന് തോൽക്കുകയായിരുന്നു. ക്വാർട്ടറിൽ അസാമിനെ 3-0ത്തിനും സെമിയിൽ പഞ്ചാബിനെ 4-0ത്തിനും തോൽപ്പിച്ച കേരളം മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിന് എതിരെ മാത്രം ജയിച്ച സർവീസസ് ക്വാർട്ടറിൽ പശ്ചിമ ബംഗാളിനെയും സെമിയിൽ റെയിൽവേയ്സിനെയുമാണ് തോൽപ്പിച്ചത്.