സ്വർണക്കൊള്ള കേസ് അട്ടിമറിച്ചു: ചെന്നിത്തല

Saturday 07 February 2026 12:00 AM IST

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളക്കേസ് പൂർണമായും അട്ടിമറിക്കപ്പെട്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേസിലെ പ്രതികൾ ഒരോരുത്തരായി ജാമ്യം നേടി പുറത്തുവരികയാണ്. 90 ദിവസം കഴിഞ്ഞിട്ടും ഭാഗിക കുറ്റപത്രംപോലും സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നു. ആസൂത്രിതമായാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്. കേസ് തേച്ചുമായ്ചു കളയാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.

പ്രോസിക്യൂഷന്റെ അനുമതി ലഭിക്കാത്തതും രാസപരിശോധനാ ഫലം ലഭിക്കാത്തതുമാണ് കുറ്റപത്രം സമർപ്പിക്കാത്തതിന്റെ കാരണമെന്ന് എസ്‌.ഐ.ടി പറയുന്നുണ്ടെങ്കിലും ഇതിന് അനുമതി നൽകേണ്ടത് മുഖ്യമന്ത്രിയാണ്. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ഇത്തരം സുപ്രധാന കേസുകളിൽ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് അടിയന്തരമായി നൽകേണ്ടതായിരുന്നു. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിപ്പിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്.