ശബരിമലനട 12ന് തുറക്കും
പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് വൈകിട്ട് 5ന് തുറക്കും.തന്ത്രി കണ്ഠരര് മേഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.തുടർന്ന് പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും.ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും.അന്ന് പ്രത്യേക പൂജകളില്ല.കുംഭം ഒന്നായ 13ന് രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും.തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം.നെയ്യഭിഷേകം,അഷ്ടാഭിഷേകം,ഉഷഃപൂജ,കലശപൂജ,കളഭാഭിഷേകം,ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും.വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധനയ്ക്ക് ശേഷം പടിപൂജ,പുഷ്പാഭിഷേകം,അത്താഴ പൂജ എന്നിവ നടത്തും.17ന് രാത്രി 10ന് നടയടയ്ക്കും.വെർച്വൽ ക്യൂ ബുക്ക് ചെയ്തും സ്പോട്ട് ബുക്കിംഗ് നടത്തിയും ദർശനം നടത്താം.