തട്ടുകടയിൽ നിന്ന് യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ചതായി പരാതി

Friday 06 February 2026 10:54 PM IST

കൂത്താട്ടുകുളം: രാമപുരം കവലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ സ്വർണമാലയും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗ് മോഷണം പോയി. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. എറണാകുളം മഞ്ഞുമ്മൽ പുതിയേടത്തുകുന്നേൽ ഷാജി സെബാസ്റ്റ്യന്റെ ബാഗാണ് നഷ്ടപ്പെട്ടത്. പത്തനംതിട്ടയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഷാജിയും ബന്ധുവും തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് സംഭവം. പണം നൽകിയശേഷം ബാഗ് കടയിൽ മറന്നുവച്ച് ഇരുവരും യാത്ര തുടർന്നു. പിന്നീട് ബാഗ് നഷ്ടപ്പെട്ട വിവരം മനസിലാക്കി തിരിച്ചെത്തിയപ്പോഴേക്കും കടയിൽനിന്ന് ബാഗ് മോഷണം പോയിരുന്നു. രണ്ടരപ്പവൻ തൂക്കം വരുന്ന മാല, രണ്ട് പാസ്പോർട്ടുകൾ, രേഖകൾ, വാച്ച്, മൊബൈൽ ഫോൺ ചാർജർ എന്നിവ ബാഗിലുണ്ടായിരുന്നു. വെള്ളമുണ്ടും ഷർട്ടും ധരിച്ചയാൾ ബാഗുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണ്.