വറ്റിവരണ്ട് മണിമലയാർ, വെന്തുരുകി മലയോര നാട്; കുടിവെള്ള പദ്ധതികൾ പലതും ജനങ്ങളിലേക്ക് എത്തുന്നില്ല
മല്ലപ്പള്ളി: മണിമലയാർ ഉൾപ്പെടെ പ്രധാന ജലാശയങ്ങൾ വറ്റി തുടങ്ങിയതോടെ മലയോര മേഖകളിൽ ജനങ്ങൾ ആശങ്കയിൽ. മണിമലയാറ്റിൽ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ് കിലോമീറ്ററോളം മണൽ പരപ്പുകൾ പൊന്തി നിൽക്കുന്ന സ്ഥിതിയാണ്. ജലനിരപ്പ് ഇനിയും താഴ്ന്നാൽ ആനിക്കാട്, കോട്ടാങ്ങൽ , എഴുമറ്റൂർ ,പുറമറ്റം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയെ ഇത് ഗണ്യമായി ബാധിക്കും. ആനിക്കാട് പഞ്ചായത്തിലെ കോഴിമണ്ണിൽ കടവിൽ 9 മീറ്റർ വ്യാസമുള്ള കിണറും ഇതിന് മുകളിൽ പമ്പ് ഹൗസും പുളിക്കാമലയിൽ 10 ലക്ഷം ലിറ്റർ ജലം ദിവസവും ശുദ്ധീകരിക്കാവുന്ന പ്ലാന്റും നിർമ്മിച്ചെങ്കിലും പദ്ധതി പൂർണമായി പ്രദേശത്തെ ജനങ്ങളിൽ എത്തിയില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ പെരുമ്പാറ കുടിവെള്ള പദ്ധതി ശാസ്താകോയിക്കലുള്ള പമ്പിംഗ് സ്റ്റേഷനിൽ നിന്നും പൂങ്കുറുഞ്ഞി ബൂസ്റ്റർ പമ്പ് ഹൗസിലേക്കും അവിടെ നിന്ന് പെരുമ്പാറ ജലസംഭരണിയിലേക്കുമാണ് ജലം എത്തുന്നത്. ശാസ്താകോയ്ക്കലിലെ മണിമലയാറ്റിലെ പ്രധാന കിണർ ജലനിരപ്പിന് താഴ്ന്ന നിലയിലാണ്. എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മണിമലയാറിലെ പടുതോട് പമ്പു ഹൗസിലെ കിണറിന്റെ സ്ഥിതിയും ജലനിരപ്പിന് താഴെയാണ്. കാരമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി 400892മുടക്കി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചെങ്കിലും ജലനിരപ്പ് താഴ്ന്നത് ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്. പുറമറ്റം പഞ്ചായത്തിലെ കോമളം, പുറമറ്റം, ഇരവിപേരൂർ പമ്പ് ഹൗസിൽ നിന്നും എത്തുന്ന ജലം വെണ്ണിക്കുളത്തിന് സമീപം സ്റ്റോറേജ് ചെയ്ത് വിതരണം നടത്തുന്നുണ്ടെങ്കിലും പദ്ധതി പൂർണമായി ഗുണഭോക്താക്കളിൽ എത്തുന്നില്ല.
....................................................
എഴുമറ്റൂർ പഞ്ചായത്ത് കുടിവെള്ള പദ്ധിയുടെ സുഖമമായ നടത്തിപ്പിനായി നിലവിൽ വന്ന ഭരണസമിതി 60,492 രൂപ ഓണറേറിയം തുകയിൽ നിന്നും വകയിരുത്തി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ജലനിരപ്പ് താഴന്നതോടെ പമ്പിംഗ് 2 ഷിഫ്റ്റ് മാത്രമാണ് നടക്കുന്നത്. രാത്രി കാലത്തു കൂടി ഒരു ഷിഫ്റ്റ് ആരംഭിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി വാട്ടർ അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അനിൽ പൈക്കര (എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്)
........................................
പുല്ലാന്നിപ്പാറയിൽ പുതിയ ടാങ്ക് നിർമ്മിക്കുന്നതിനും വാട്ടർ ടാങ്കുകളിലെ ശുദ്ധജല വിതരണത്തിലെ ജലത്തിന്റെ ശുദ്ധി ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പിന് നിർദേശം നൽകുവാൻ പഞ്ചായത്തുതല യോഗത്തിൽ നിർദ്ദേശം നൽകിട്ടുണ്ട്.
സുമ സജികുമാർ (കോട്ടാങ്ങൽ പഞ്ചായത്തംഗം)
..............................................
1. ആനിക്കാട് പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം
2. പ്ലാന്റ് നിർമ്മിച്ചെങ്കിലും പദ്ധതിഫലവത്തായില്ല
3. പണം മുടക്കി കുടിവെള്ളം ഇറക്കേണ്ട സ്ഥിതി