ഡി.പി.ഐയ്ക്ക് കുട്ടിക്കളി; ഇന്ന് ഒരേസമയം 4 പരീക്ഷ

Saturday 07 February 2026 12:29 AM IST

തിരുവനന്തപുരം: യു.പി. വിഭാഗം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നാലു പരീക്ഷകൾ ഒരേദിവസം ഒരേ സമയം നടത്തുന്ന തലതിരിഞ്ഞ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്ന് രാവിലെ 10-നാണ് പരീക്ഷകളെല്ലാം ആരംഭിക്കുന്നത്.

മികച്ച ഗണിത വിദ്യാർത്ഥികളെ കണ്ടെത്താൻ നടത്തുന്ന 'ന്യൂ മാറ്റ്സ്', സാമൂഹ്യശാസ്ത്ര മികവ് പരിശോധിക്കുന്ന 'സ്റ്റെപ്‌സ്', അറബിക് ടാലന്റ് സെർച്ച് പരീക്ഷയായ 'അൽമാഹിർ' എന്നിവയ്ക്കു പുറമേ, ഡി.പി.ഐ നൽകിയ ടൈംടേബിൾ പ്രകാരം കേരള ഹിന്ദി പ്രചാര സഭയുടെ 'സുഗമ ഹിന്ദി' പരീക്ഷ എന്നിവയാണ് നടക്കുന്നത്.

മിടുക്കരായ പല കുട്ടികളും നാല് പരീക്ഷകളിലും താത്പര്യമുള്ളവരാണ്. ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ.

ഡി.പി.ഐയിലെ അനാസ്ഥയാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. മുൻവർഷങ്ങളിലെല്ലാം വ്യത്യസ്ത തീയതികളിലായിരുന്നു പരീക്ഷ.

കുട്ടികളുടെ അവസരങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടിയെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.

സ്റ്റെപ്സ്, ന്യൂമാറ്റ്സ് പരീക്ഷകൾ ഡിജിറ്റലായാണ് നടത്തുന്നത്. പരീക്ഷാ ദിവസം തന്നെ ഇവയുടെ മൂല്യനിർണയം നടത്തണമെന്ന നിർദ്ദേശത്തിൽ അദ്ധ്യാപകർക്കും എതിർപ്പുണ്ട്. അമിത ജോലിഭാരമെന്നാണ് അവരുടെ ആക്ഷേപം.

അശാസ്ത്രീയമായ ഈ പരീക്ഷാ രീതി മാറ്റണമെന്നും കുട്ടികൾക്ക് എല്ലാ പരീക്ഷകളിലും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ഇവ പുനഃക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.

സാബു നീലകണ്ഠൻ നായർ,

കെ.പി.എസ്.ടി.എ