ചുരിദാർ വി​വാദം: സ്കൂൾ മാനേജരും പ്രതി

Saturday 07 February 2026 12:31 AM IST

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചുവന്ന പ്രഥമാദ്ധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ സ്കൂൾ മാനേജർ അമ്പലക്കര കെ.സുരേഷ് കുമാറിനെതി​രെ പ്രേരണക്കുറ്റം ചുമത്തി​ കേസെടുത്തു.

പ്രഥമാദ്ധ്യാപിക സിന്ധു എസ്.നായരുടെ പരാതിയിൽ വ്യാഴാഴ്ച പൊലീസ് എഫ്.ഐ.ആർ ഇട്ടെങ്കിലും സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ മാത്രമാണ് പ്രതിചേർത്തിരുന്നത്. തടഞ്ഞുവച്ചതിനും മാനഹാനി വരുത്തിയതിനും 126(2), 79 വകുപ്പുകൾ ചേർത്തായിരുന്നു കേസ്. മാനേജരെ പ്രതിചേർക്കാതെ, നിസാര വകുപ്പിട്ട് സെക്യൂരിറ്റി ജീവനക്കാരനെ മാത്രം പ്രതിയാക്കിയതിനെതിരെ പ്രഥമാദ്ധ്യാപിക ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് പരാതി നൽകി. വിവിധ രാഷ്ട്രീയ, അദ്ധ്യാപക സംഘടനകൾ പ്രതി​ഷേധി​ച്ചതോടെയാണ് മാനേജരെ പ്രതിചേർത്തത്. കേരള വനിതാ കമ്മി​ഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മന്ത്രി വി.ശിവൻകുട്ടിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുവിദ്യാസ വകുപ്പ് വിഷയത്തിൽ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ വ്യാഴാഴ്ച ജോലിയിൽ നിന്നു പിരിച്ചുവിട്ടി​രുന്നു.