ആന്റണി രാജുവിന്റെ ഹർജിയിൽ വിധി 12ന്
Saturday 07 February 2026 12:38 AM IST
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി വിധിച്ച ശിക്ഷയും കുറ്റക്കാരനെന്ന കണ്ടെത്തലും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിൽ കോടതി ഈ മാസം 12ന് വിധി പറയും. ഹർജിയിലെ ആവശ്യം പരിഗണിച്ച കോടതി കഴിഞ്ഞ തിങ്കളാഴ്ച പ്രതിയുടെ ശിക്ഷ മരവിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ കുറ്റം കൂടി മരവിപ്പിച്ചാലെ ആന്റണി രാജുവിന്റെ അയോഗ്യത മാറി കിട്ടുകയുള്ളൂ. ഇതിനെ സംബന്ധിച്ച വാദമാണ് ഇന്നലെ നടന്നത്. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്. ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻ മന്ത്രിയെ മൂന്ന് വർഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നത്.