ഗുണ്ടാപ്പിരിവ് നൽകിയില്ല: തിരുവല്ലയിൽ സ്പാ ജീവനക്കാരി കൂട്ടമാനഭംഗത്തിന് ഇരയായി

Saturday 07 February 2026 12:43 AM IST

#പട്ടാപ്പകൽ സ്ഥാപനത്തിൽ നടന്ന കൊടുംക്രൂരത #കഴുത്തിൽ കത്തിവച്ച് കീഴടക്കി # സംഭവം പൊലീസ് മറച്ചുവച്ചു

തിരുവല്ല: പട്ടാപ്പകൽ സ്ഥാപനത്തിൽ കടന്നുകയറി ഗുണ്ടാസംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം കേരള മനഃസാക്ഷിയെ നടുക്കി. പൊലീസ് സംഭവം രഹസ്യമാക്കിവച്ചത് മറ്റൊരു നാണക്കേടായി.

ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് മസാജ് സെന്റർ ജീവനക്കാരിയെ കാപ്പാക്കേസ് പ്രതി ഉൾപ്പെടെയുള്ളവർ കടയ്ക്കുള്ളിൽ കടന്ന് സംഘംചേർന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് നടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടും വിവരം പൊലീസ് രഹസ്യമാക്കിവച്ചു. ജീവനക്കാരിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. മഞ്ഞാടിയിലാണ് സംഭവം.

കാപ്പാ കേസ് പ്രതി കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (29), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാല് പ്രതികൾ ഒളിവിലാണ്.

ഒന്നിന് വൈകിട്ട് 3.30നാണ് സംഭവം.

ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സുബിൻ അലക്‌സാണ്ടറും സംഘവും കുറച്ചുനാളായി നിരന്തരം എത്തുമായിരുന്നു. സംഭവദിവസം 50,000 രൂപ ആവശ്യപ്പെട്ട് മാരകായുധങ്ങളുമായി ഇവരെത്തി. യുവതി പണം നൽകാൻ വിസമ്മതിച്ചു. കൗണ്ടറിലുണ്ടായിരുന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് ബലമായി കൊണ്ടുപോയി സ്പാ ബെഡിലേക്ക് തള്ളിയിട്ടു. മുറി പൂട്ടിയശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീഡിയോയും ചിത്രീകരിച്ചു. യുവതിക്കൊപ്പം സെൽഫിയെടുത്ത ശേഷം മർദ്ദിച്ചു. ഈ സമയം ഇവിടെ വന്ന മറ്റൊരാളെ മർദ്ദിച്ച് യുവതിക്കൊപ്പം കിടത്തി സുബിൻ വീഡിയോ ചിത്രീകരിച്ചു. 2500 രൂപ ബലമായി വാങ്ങിയ ശേഷം സംഘം മടങ്ങി.

കേസ് ഒതുക്കാൻ നീക്കം

ചൊവ്വാഴ്ചയാണ് യുവതി പരാതി നൽകിയത്. അന്ന് വൈകിട്ടുതന്നെ സുബിനെ വീട്ടിൽ നിന്ന് പിടികൂടി. പൊലീസെത്തിയപ്പോൾ ഇയാൾ പട്ടിയെ അഴിച്ചുവിട്ടു. പട്ടിയുടെ ആക്രമണത്തിൽ എസ്.ഐ ഉണ്ണികൃഷ്ണനും സി.പി.ഒ അഭിലാഷിനും പരിക്കേറ്റിരുന്നു. ബുധനാഴ്ച ബെർലിൻദാസും പിടിയിലായി. പ്രതികളെ റിമാൻഡ് ചെയ്തിട്ടും പീഡന വിവരം പൊലീസ് രഹസ്യമായി സൂക്ഷിച്ചു.

തൃശൂർ സ്വദേശിയാണ് സ്ഥാപന ഉടമ. സംഭവം ഒതുക്കിത്തീർക്കാനും യുവതി പരാതി നൽകാതിരിക്കാനും നീക്കം നടന്നിരുന്നു. കേസ് ഒതുക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആരോപണമുണ്ട്.