കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി കരുനാഗപ്പള്ളി ആദിനാട് പുത്തൻവീട്ടിൽ ഗുരുലാലിനെ (31) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഗുരുലാലിനെതിരെ എട്ടു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കഞ്ചാവ് കടത്തിയതിനും കൊലപാതകശ്രമത്തിനും ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിൽ രണ്ട് കേസുകളും കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിനും നരഹത്യ ശ്രമത്തിനും ഉൾപ്പെടെ നാലു കേസുകളും ചവറ പൊലീസ് സ്റ്റേഷനിൽ വഞ്ചനകുറ്റത്തിനും കേസുണ്ട്. കരുനാഗപ്പള്ളിയിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലാണിപ്പോൾ. പ്രതിക്കെതിരെ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ. ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തി കാപ്പ ഉത്തരവ് നടപ്പാക്കുകയായിരുന്നു.