രോഗങ്ങൾ പ്രതിരോധിക്കാൻ ഭക്ഷണശീലം മാറണം: മന്ത്രി വീണ
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണെന്നും, ഇത് പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച 'ഈറ്റ് റൈറ്റ് കേരള" ക്യാമ്പയിനും മിലറ്റ് മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വ്യാജ ഹെൽത്ത് കാർഡ് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഭക്ഷണ പാഴ്സലുകൾ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാവുന്ന ഗ്രീവൻസ് പോർട്ടലും ഹോട്ടലുകളുടെ നിലവാരം അറിയാൻ 'ഈറ്റ് റൈറ്റ് കേരള' ആപ്പും സജ്ജമാണ്.
ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായി രണ്ട് വർഷം ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടാൻ കേരളത്തിന് കഴിഞ്ഞു. എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കി കേരളത്തെ മികച്ച ഫുഡ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലകൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പുതിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും അന്വേഷണ ഉദ്യോഗസ്ഥർക്കായുള്ള മാർഗ്ഗനിർദ്ദേശ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.