ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീന് ഉജ്ജ്വല വരവേൽപ്പ്

Saturday 07 February 2026 1:02 AM IST

നെടുമ്പാശേരി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീന് കൊച്ചി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ ഉജ്ജ്വല വരവേൽപ്പ് നൽകി. ചുട്ടുപൊള്ളുന്ന വെയിലിനെപ്പോലും വകവയ്ക്കാതെ ആയിരങ്ങളാണ് സ്വീകരിക്കാനെത്തിയത്.

ഉച്ചയ്ക്ക് 2.15ന് എത്തിയ നിതിൻ നവീനെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബൊക്കെ നൽകി ഷാൾ അണിയിച്ചു. തുടർന്ന് തെയ്യം, കാവടി, ചെണ്ടമേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വരവേറ്റു. വാഹനത്തിൽ കയറി പ്രവർത്തകരെ കൈവീശി അഭിവാദ്യംചെയ്ത ശേഷമാണ് സമീപത്തെ ടാജ് ഹോട്ടലിലേക്ക് പോയത്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലക്കാരനായ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേ, കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലജെ, ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, സി.കെ. പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, പി. ശ്യാംരാജ്, എം.എ. ബ്രഹ്മരാജ്, ജിജി ജോസഫ്, എം.എ. വിനോദ്, വി.കെ. ബസിന്ത്കുമാർ, എം.എൻ. ഗോപി, ഷാജി മൂത്തേടൻ, വി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസും വിമാനത്താവളത്തിലെത്തി ബി.ജെ.പി അദ്ധ്യക്ഷനെ ഷാളണിയിച്ചു.