പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്ന് കെ.കെ. രാഗേഷ്

Saturday 07 February 2026 1:29 AM IST

കണ്ണൂർ: 92 ലക്ഷത്തോളം പാർട്ടിക്ക് നഷ്ടമായെന്ന മുൻ ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ ആരോപണം ഭാവനാവിലാസമാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും പാർട്ടിക്ക് നഷ്ടമായിട്ടില്ല. മൂന്ന് ഓഡിറ്റർമാർ ഓരോ രസീത് വെച്ചും പരിശോധന നടത്തിയെന്നും അവർ തയ്യാറാക്കിയ കണക്ക് പാർട്ടി അംഗീകരിച്ചതാണ്. ഫണ്ട് ശേഖരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്നും സഹകരണ ജീവനക്കാരിൽ നിന്നും മാത്രമായതിനാൽ കണക്ക് മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ടതില്ല. ആശയക്കുഴപ്പം ഒഴിവാക്കാൻ ബൂത്തുതലത്തിൽ അനുഭാവി യോഗങ്ങളും കുടുംബസംഗമങ്ങളും വിളിച്ച് കണക്ക് വിശദീകരിക്കും. പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകരിച്ച കണക്ക് പാർട്ടി മെമ്പർമാരോട് പറഞ്ഞിട്ടുണ്ട്. പകയുടെ കണക്കുപുസ്തകം എന്നതാണ് കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിന് നൽകേണ്ടിയിരുന്ന പേരെന്നും രാഗേഷ് പരിഹസിച്ചു.