നോൺ-ജേർണലിസ്റ്റ് പെൻഷൻ വർദ്ധിപ്പിക്കണം
Saturday 07 February 2026 1:32 AM IST
തിരുവനന്തപുരം: 2026-ലെ സംസ്ഥാന ബഡ്ജറ്റിൽ പത്രപ്രവർത്തകരുടെ പെൻഷൻ തുക 1500 രൂപ വർദ്ധിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, നോൺ-ജേർണലിസ്റ്റ് പെൻഷൻ വർദ്ധിപ്പിക്കാത്തതിൽ കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ് ) പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.ഇ.എഫ് സംസ്ഥാന കമ്മിറ്റി മന്ത്രി ജി.ആർ. അനിലിന് നിവേദനം നൽകി. നോൺ-ജേർണലിസ്റ്റ് പെൻഷനും ആശ്രിത പെൻഷനും വർദ്ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ ധനകാര്യ മന്ത്രിയെ നേരിൽ കണ്ട് ബോധിപ്പിച്ചിരുന്നതാണെന്നും എന്നാൽ ബജറ്റിലിത് പരിഗണിക്കപ്പെട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.