കാറിൽ തീ കൊളുത്തി യുവാവ് മരിച്ചു

Saturday 07 February 2026 1:36 AM IST

മാനന്തവാടി: കാറിൽ തീ കൊളുത്തി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി കിളിയന്തറ ആനപ്പന്തിക്കവലയിലെ തുണ്ടിയിൽ പുതിയ പുരയിൽ ഹൗസിൽ എം.പി. സജീറാണ് (45)മരിച്ചത്. വ്യാഴാഴ്ച രാത്രി എരുമത്തെരുവിൽ മാരുതി തിയേറ്ററിന് സമീപത്തെ ബിസിനസുകാരന്റെ വീടിന്റെ ഗേറ്റിനു മുന്നിൽവച്ചാണ് കാറിലിരുന്ന് സജീർ തീകൊളുത്തിയത്. ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ, നിസാൻ, ആയിഷ എന്നിവരും കാറിൽ ഒപ്പമുണ്ടായിരുന്നു.

തീ പിടിച്ച ഉടൻ മൂന്ന് മക്കളും കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തി.ഇതിൽ ആയിഷയ്ക്ക് ചെറിയ പരിക്കുണ്ട്. നജ്മുന്നിസയെ രക്ഷപ്പെടുത്തുമ്പോഴേക്കും തീ ആളിപ്പടർന്നതിനാൽ സജീറിനെ പുറത്തെടുക്കാനായില്ല. ശരീരത്തിൽ അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ നജ്മുന്നിസയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കു ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രിൻസിപ്പൽ എസ്.ഐ. എം.സി. പവനനാണ് അന്വേഷണച്ചുമതല.

വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ രണ്ട് കാനുകളിലായി പെട്രോൾ കണ്ടെത്തിയിരുന്നു. മരിച്ചതിനു പിന്നാലെ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയുള്ള സജീറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. മാനന്തവാടിയിലെ ബിസിനസുകാരന്റെയും കർണാടക കുട്ട പൂച്ചക്കല്ല് സ്വദേശിയുടേയും പേര് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടില്ല.

മാനന്തവാടി എസ്.ഐ. കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് 5 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള സിന്ധു തോമസ്, കെ. നീതു, മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന നജ്മുന്നിസയുടെ മൊഴിയെടുക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. ഭാര്യയേയും മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യാനാണ് സജീർ ശ്രമിച്ചതെന്ന് വീഡിയോ സന്ദേശത്തിൽ വ്യക്തമാണ്. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് കാണിച്ച് ബന്ധുക്കൾക്കും സജീർ വിവരം നൽകിയിരുന്നു. ബന്ധുക്കൾക്ക് ഇടപെടാനാവുംമുമ്പേ സംഭവം നടന്നിരുന്നു. കണ്ണൂർ മമ്പറം സ്വദേശിയാണ് സജീർ. കിളിയന്തറയിൽ നിന്നാണ് വിവാഹം ചെയ്തത്. വർഷങ്ങളായി കർണാടക കുട്ടയിൽ വ്യാപാരം നടത്തുന്ന സജീർ കുടുംബസമേതം കുട്ടയിൽ തന്നെയാണ് താമസം.