ശബരിമല സ്വർണക്കൊള്ള; ഇഡിയുടെ അറസ്റ്റ് വൈകും, പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും

Saturday 07 February 2026 8:32 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് വിവരം. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് നിലവിലെ തീരുമാനം. ഇതോടെ ഇഡിയുടെ അന്വേഷണത്തിൽ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ അറസ്റ്റ് വൈകും.

പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്തടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്. കേസിൽ ജാമ്യത്തിലിറങ്ങിയ മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പോറ്റിയെ ചോദ്യംചെയ്തിരുന്നു.