'ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷൻ,​ പൊലീസും ഗുണ്ടകളും തമ്മിൽ ബന്ധം'; സ്‌പാ സെന്റർ കൂട്ടബലാത്സംഗക്കേസിൽ ഗുരുതര ആരോപണങ്ങൾ

Saturday 07 February 2026 8:50 AM IST

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ സെന്ററിലെ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌പാ സെന്ററിന്റെ ഉടമ ഡോ. സഞ്ജയ്‌യാണ് ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണം ക്വട്ടേഷൻ നൽകിയിട്ടാണെന്നും തിരുവല്ലയിലെ മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നുമാണ് സഞ്ജയ് ആരോപിക്കുന്നത്. തന്റെ ബിസിനസ് തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഉടമ പറഞ്ഞു.

'ഗുണ്ടാ സംഘം നടപ്പിലാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നത്. ഗുണ്ടാപിരിവ് വിരോധം പൊലീസിന്റെ കഥയാണ്. പൊലീസും ഗുണ്ടകളും തമ്മിൽ കൂട്ടുക്കെട്ടുണ്ട്. പൊലീസ് എന്റെ മൊഴി എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി നൽകും'- സഞ്ജയ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

അതേസമയം, കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്‌പാ സെന്ററുകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്‌പാ സെന്ററുകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇത് പൊലീസ് രഹസ്യമാക്കിവച്ചതിലും സംശയം ഉയരുന്നുണ്ട്.

കാപ്പാ കേസ് പ്രതി കുറ്റപ്പുഴ പാപ്പിനിവേലിൽ സുബിൻ അലക്‌സാണ്ടർ (29), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരെ യുവതിയുടെ പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാല് പ്രതികൾ ഒളിവിലാണ്. ഗുണ്ടാപ്പിരിവ് നൽകാത്തതിനാണ് സ്‌പാ സെന്റർ ജീവനക്കാരിയെ പ്രതികൾ സ്ഥാപനത്തിനുള്ളിൽ കടന്ന് സംഘംചേർന്ന് പീഡിപ്പിച്ചെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്.