സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവൻവിലയിൽ 2,120 രൂപയുടെ വർദ്ധനവ്

Saturday 07 February 2026 11:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. പവന് 2,120 രൂപ കൂടി 1,14,840 രൂപയും ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയുമായി. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരിൽ വീണ്ടും ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ആഗോള വിപണിയിൽ ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാ​റ്റമുണ്ടായത്. രാവിലെ പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഉച്ചയ്ക്കുശേഷം 1000 രൂപ കുറഞ്ഞ് 1,12,720 രൂപയുമായിരുന്നു.

ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,17.760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു.

സ്വർണവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് ഒന്നിലധികം കാരണങ്ങളുണ്ട്. ലോകവിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യത്യാസം പ്രധാനപ്പെട്ട ഘടകമാണ്. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലുണ്ടായിരുന്ന ആശങ്ക മാറിയതോടെ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചത് മ​റ്റൊരു കാരണമാണ്. സ്വർണത്തിൽ നിക്ഷേപം നടത്തിയവർ കൂടുതൽ ലാഭത്തിനായി ഓഹരിയിലേക്ക് നിക്ഷേപങ്ങൾ മാ​റ്റിയിരിക്കുകയാണ്.

അതേസമയം,വിലയിൽ ചാഞ്ചാട്ടമുണ്ടായിട്ടും നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുകയാണ്. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നതുകൊണ്ടാണ് പലരും ഇത് ചെയ്യുന്നതെന്നാണ് ഇടിമണ്ണിക്കൽ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടറും സാമ്പത്തിക നിരീക്ഷകനുമായ സണ്ണി തോമസ് പറയുന്നത്. ചിലർ ഭാവി നിക്ഷേപത്തിനായി പണിക്കൂലി കുറഞ്ഞതും ഈടുള്ളതുമായ സ്വർണം വാങ്ങുമ്പോൾ മറ്റുചിലർ 22 കാരറ്റിന്റെ സ്വർണനാണയമോ 24 കാരറ്റിന്റെ സ്വർണബിസ്ക്കറ്റോ വാങ്ങി സൂക്ഷിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്നത്തെ വെള്ളിവില

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 285 രൂപയും കിലോഗ്രാമിന് 2,​85,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 280 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.