ജൽജീവൻ കുഴികൾക്ക് രണ്ട് വയസിന്റെ ആഴം

Sunday 08 February 2026 12:25 AM IST

കോന്നി: ജൽജീവൻ പദ്ധതിക്കായി മലയോര മേഖലയിലെ പഞ്ചായത്ത് റോഡുകൾ വെട്ടിപൊളിച്ചിട്ട് രണ്ട് വർഷങ്ങൾ. കോന്നി, മലയാലപ്പുഴ, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളിലെ കുഴികളാണ് നാട്ടുകാരെ വീഴ്ത്തുന്നത്.

സ്വകാര്യ റോഡുകളും സമാന അവസ്ഥയിലാണ്.

വാട്ടർ അതോറിറ്റി കോന്നി അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിന് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനാണ് ജൽജീവൻ പദ്ധതിയിൽ റോഡുകൾ വെട്ടിപ്പൊളിച്ചത്. ഇതിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം എത്തുന്നുണ്ടെങ്കിലും റോഡിലൂടെയുള്ള യാത്ര ദിവസവും ജീവൻമരണ പോരാട്ടമാണ്.

മിക്കയിടങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. വീതി കുറഞ്ഞ റോഡിൽ ഒരടി മുതൽ മൂന്നടി ആഴത്തിലാണ് പൈപ്പ് മൂടിയ കുഴികളുള്ളത്. റോഡിന് സമീപം റിബൺ കെട്ടി തിരിച്ചതൊഴിച്ചാൽ മറ്റ് മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൈപ്പ് സ്ഥാപിക്കാൻ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴികളും പൊളിച്ചുകളഞ്ഞതിൽ ഉൾപ്പെടും.

അതിനാൽ ഗ്രാമപ്രദേശങ്ങളിൽ സ്വകാര്യ വാഹനങ്ങളും സ്കൂൾ വാഹനങ്ങളും അടക്കമുള്ളവ സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞദിവസം ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല.

കണ്ണടച്ച് കോൺട്രാക്ടർമാർ

 കരാറെടുത്ത കോൺട്രാക്ടർമാർ ഓടകൾ കോൺക്രീറ്റ് ചെയ്യാൻ തയ്യാറാകുന്നില്ല

 എതിരെ വാഹനങ്ങൾ വരുമ്പോൾ അപകടമുണ്ടാകുന്നു

 വാഹനങ്ങൾ കുഴിയിൽ വീഴാത്ത ദിവസങ്ങളില്ല

 കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്ക് ഏറെ ഭീഷണി

 ചിലയിടങ്ങളിൽ ഇന്റർലോക്കും മറ്റിടങ്ങളിൽ കോൺക്രീറ്റ് റോഡും പൊളിച്ചു

 വാഹനങ്ങൾ കയറിയിറങ്ങി റോഡിന്റെ ബാക്കി ഭാഗങ്ങളും തകർന്നു

ജൽജീവൻ കണക്ഷനുകൾ

5400

പൈപ്പുകൾ സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

റോബിൻ പീറ്റർ,​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,​ കോന്നി