വേഗവരയിലൂടെ ജില്ലാ പൊലീസ് മേധാവിയുടെ കാർട്ടൂൺ
കോന്നി: സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലായി ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ വാർഷികാഘോഷ പരിപാടിയിലെ വരയരങ്ങായിരുന്നു വേദി. ജില്ലാ പൊലീസ് മേധാവിയുടെ വ്യത്യസ്തമായ മീശയെ ഹൈലൈറ്റ് ചെയ്തായിരുന്നു ജിതേഷ്ജിയുടെ അതിവേഗ രേഖാചിത്രരചന.
വരയ്ക്കൊപ്പമുള്ള കാർട്ടൂണിസ്റ്റിന്റെ ഇംഗ്ലീഷ് കമന്ററിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ് പൊലീസ് മേധാവി സദസിന്റെ കൈയടി നേടി. നിമിഷങ്ങൾകൊണ്ട് കാർട്ടൂൺ ചിത്രം റെഡിയായത് കണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ വിസ്മയം. പ്രായം കൊണ്ട് ന്യൂജനായ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് 2016 ഐ.പി.എസ് ബാച്ചിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശിയാണ്.
പരിസ്ഥിതി സ്നേഹിയായ അദ്ദേഹം മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയൻ രണ്ടിന്റെ ചുമതലയിലിരിക്കുമ്പോൾ ക്യാമ്പിനെ ഹരിതാഭമാക്കാൻ നടപടിയെടുത്തത് ശ്രദ്ധ നേടിയിരുന്നു. ക്യാമ്പിൽ നിരവധി തെങ്ങിൻ തൈകളും 1500 ഓളം ഫലവൃക്ഷങ്ങളുമാണ് അന്ന് നട്ട് പരിപാലിച്ചത്.