വീണ്ടും കുതിക്കാനൊരുങ്ങി സ്വർണം

Sunday 08 February 2026 1:39 AM IST

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 100 ഡോളർ വർദ്ധിച്ചതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വർണവിലയിൽ കയറ്റം. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 265 രൂപ വർദ്ധിച്ച് 14,​ 355 രൂപയും പവന് 2120 രൂപ കൂടി 1,​14,​840 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 220 രൂപയാണ് കൂടിയത്.

ആഗോള ഭൗമ,​ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിന്റെ മൂല്യം കുറയുന്നതും സ്വർണവില വ‌ർദ്ധിക്കാനിടയാക്കുന്നുണ്ട്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.

വെള്ളിയിലും തിളക്കം

ഒരു വലിയ ഇറക്കത്തിന് പിന്നാലെ തിരിച്ചുകയറാനുള്ള ശ്രമത്തിലാണ് വെള്ളിയും. വെള്ളിവില ഇന്നലെ ഗ്രാമിന് 285 രൂപയായി. 10 ഗ്രാമിന് 2850 രൂപയാണ് വില. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വെള്ളി വലിയ തിരിച്ചുവരവ് നടത്തുമെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ.