എസ്.ബി.ഐ ലാഭത്തിൽ 13.06 ശതമാനം വർദ്ധന
മുംബയ്: 2025- 26 സാമ്പത്തികവർഷത്തെ ഡിസംബർ പാദഫലത്തിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 13.06 ശതമാനം വർദ്ധന നേടി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ). 21,317 കോടി രൂപയാണ് കൺസോളിഡേറ്റഡ് അറ്റാദായം. മുൻവർഷം ഇത് 18,853 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിൽ 21,137 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. ആകെ ചെലവ് 1,04,917 കോടി രൂപയിൽനിന്ന് 1,08,052 കോടി രൂപയായും ഉയർന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജി.എൻ.പി.എ) സെപ്തംബറിലെ 1.73 ശതമാനത്തിൽനിന്ന് 1.57 ശതമാനമായി കുറഞ്ഞു. നീക്കിവയ്പ്പുകൾ (പ്രൊവിഷൻസ്) മുൻവർഷത്തെ 911 കോടി രൂപയിൽനിന്ന് 4,507 കോടി രൂപയായി വർദ്ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.04 ശതമാനമാണ്.