പുഴയും കായലും കീഴടക്കി അങ്കണവാടിക്കാരി , നീന്തൽ പഠിച്ചത് രണ്ടാം വയസിൽ

Sunday 08 February 2026 1:43 AM IST

കോട്ടയം: ഒഴുക്കും ആഴവും വകവയ്‌ക്കാതെ പുഴകളിലും കായലുകളിലും നീന്തിത്തുടിക്കുകയാണ് നാലുവയസുകാരി എസ്തേർ (ചിന്നു). നാവിൽ അക്ഷരമെഴുതും മുമ്പ് ജലസാക്ഷരത നേടിയ ഈ അങ്കണവാടിക്കാരി മുങ്ങിമരണങ്ങൾ കൂടുന്ന കേരളത്തിന് മാതൃകയാണ്.

കുസൃതിക്ക് കടിഞ്ഞാണിടാൻ രണ്ടാം വയസിലാണ് എസ്തേറിനെ കുമ്മനത്തെ ജീവൻരക്ഷാ അക്കാഡമിയിൽ നീന്തലിന് ചേർത്തത്. തുറമുഖ വകുപ്പിന് കീഴിലുള്ള റെസ്‌ക്യു ടീം ലീഡർ കൂടിയായ അബ്ദുൾ കലാം ആസാദിന്റെ പരിശീലനത്തിൽ ഒരു മാസത്തിനുള്ളിൽ നീന്തിത്തുടങ്ങി. മീനച്ചിലാറിന്റെ ഓളങ്ങളെ പലവതവണ തോൽപ്പിച്ചു.

മൂന്നര വയസിൽ അഷ്ടമുടിക്കായലിൽ രണ്ടര കിലോമീറ്റർ നീന്തി. പിന്നാലെ വേമ്പനാട്ട് കായലിൽ അഞ്ചര കിലോമീറ്ററും. ശക്തമായ ഓളം കാരണം രണ്ടര മണിക്കൂറെടുത്താണ് വേമ്പനാട്ടുകായൽ നീന്തിയത്.

എസ്തേറിന്റെ അമ്മ ക്രിസ്റ്റീനയുടെ കുടുംബ സുഹൃത്തും പൊലീസുകാരനുമായ മുഹമ്മദ് ഷെബിനാണ് നീന്തലിന്റെ വഴി തുറന്നത്. ഒരു വയസ് പൂർത്തിയായപ്പോൾ മുതൽ എസ്തറിനെ ആറ്റുകടവിലെ വെള്ളത്തിലിറക്കി പേടി അകറ്റി. നീന്തൽ പഠിച്ച ശേഷം എസ്തേറിനുണ്ടായ മാറ്റത്തിൽ പിതാവ് ചിങ്ങവനം പാവൂർ കൃഷ്ണകുമാറും അമ്മ ക്രിസ്റ്റീനയും സന്തോഷത്തിലാണ്. ചാമ്പ്യൻഷിപ്പും സ്‌കൂബാ ഡൈവിംഗുൾപ്പെടെ എസ്തേറിന്റെ മനസിൽ ഒരുപാട് സ്വപ്നങ്ങൾ നീന്തിത്തുടിക്കുന്നുണ്ട്.

എല്ലാ രക്ഷിതാക്കളും കുട്ടികളെ നീന്തൽപഠിപ്പിക്കണം. മുങ്ങി മരണം കുറയ്ക്കണം

- ക്രിസ്റ്റീന,​

എസ്തേറിന്റെ അമ്മ