ഉത്തരവ് ഫലം കണ്ടില്ല, മെഡി.കോളേജ് ഡോക്ടർമാർ സമരം തുടരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ റിലേ നിരാഹാര സമരം തുടരും. അനുനയിപ്പിക്കാൻ ഇറക്കിയ സർക്കാർ ഉത്തരവ് അപൂർണമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. പ്രവേശന തസ്തികയിലെ ശമ്പളക്കുറവ് പൂർണമായി പരിഹരിക്കാതെയാണ് ഉത്തരവിറക്കിയത്. ശമ്പളവർദ്ധനവിലെ കുടിശികയുടെ കാര്യത്തിൽ അനുകൂല നടപടിയില്ലെന്നും ഈ സാഹചര്യത്തിലാണ് സമരം തുടരുന്നതെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ അറിയിച്ചു.
റിലേ സത്യാഗ്രഹം 13-ാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,ഇടുക്കി,കോന്നി,എറണാകുളം,തൃശൂർ, മഞ്ചേരി,കോഴിക്കോട് തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണ കുടിശിക പൂർണ്ണമായി നൽകുവാൻ തീരുമാനിച്ച സാഹചര്യത്തിൽ കൊവിഡ് മഹാമാരിക്കാലത്ത് മുൻനിര പോരാളികളായി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിക്കുന്ന സമീപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡോക്ടർമാർ ആരോപിക്കുന്നു.