24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാൻ ചട്ട ഭേദഗതി

Sunday 08 February 2026 1:57 AM IST

തിരുവനന്തപുരം: ആഴ്ചയിൽ ഏഴു ദിവസം 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുന്നതിന് വൈദ്യുതി സേവന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. കരട് നിർദ്ദേശം പുറത്തിറക്കി. വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കുന്നതിനുള്ള സമയം കുറയ്ക്കും. ഇത് പാലിച്ചില്ലെങ്കിൽ ഉപഭോക്താവിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരമായി നൽകേണ്ട തുക 25ൽ നിന്ന് 100 രൂപയാക്കി. തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി നൽകുകയോ വൈദ്യുതി ബില്ലിൽ കുറയ്ക്കുകയോ വേണം.

പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ഡീസൽ ജനറേറ്ററുകൾ മാറ്റണമെന്നും സോളാർ പദ്ധതികളിൽ ബാറ്ററി സ്റ്റോറേജ് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഫ്യൂസ് കട്ടായി വൈദ്യുതി പോയാൽ നഗരങ്ങളിൽ ആറു മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കണമെന്നത് നാലുമണിക്കൂറായി കുറച്ചു. ഗ്രാമങ്ങളിൽ എട്ടിൽ നിന്ന് ആറാക്കി. ദുർഘടസ്ഥലങ്ങളിൽ 10ൽ നിന്ന് എട്ടും.

ലൈൻ പൊട്ടിയതുമൂലം വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കുന്നത് നഗരങ്ങളിൽ 8 മണിക്കൂറിൽ നിന്ന് ആറാക്കി. ഗ്രാമങ്ങളിൽ 12ൽ നിന്ന് എട്ടും ദുർഘടസ്ഥലങ്ങളിൽ 18ൽ നിന്ന് 12മാക്കി.

ഭൂമിക്കടിയിലെ കേബിൾ തകരാറിൽ നഗരങ്ങളിൽ 24 മണിക്കൂറിൽ നിന്ന് 18ഉം ഗ്രാമങ്ങളിൽ 36ൽ നിന്ന് 24ഉം ദുർഘടസ്ഥലങ്ങളിൽ 48ൽ നിന്ന് 36 മണിക്കൂറുമാക്കി.

 അഭിപ്രായം അറിയിക്കാം

ഈ മാസം 23വരെ ജനങ്ങൾക്ക് കരട് ഭേദഗതിയിൽ അഭിപ്രായം അറിയിക്കാം. തുടർന്ന് പരിഷ്കരിച്ച അന്തിമ ഭേദഗതി പുറത്തിറക്കും. 2015ലാണ് ഇതിനു മുമ്പ് ഭേദഗതി വരുത്തിയത്.