ഡോ.രവി പിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം 11ന്

Sunday 08 February 2026 12:03 AM IST

തിരുവനന്തപുരം: പഠന മികവുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ഡോ.രവി പിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ടത്തിൽ 500 വിദ്യാർത്ഥികൾക്കായി 10 കോടിയുടെ വിദ്യാഭ്യാസ സഹായമാണ് നൽകുന്നതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി പത്രസമ്മേളനത്തിൽ അറിയിച്ചു.

നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് സ്‌കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവച്ചിട്ടുള്ളത്. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലായി ഹയർ സെക്കൻഡറി തലത്തിൽ 1100 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വിദ്യാർത്ഥിക്ക് 50000 രൂപ വീതം നൽകും. 11ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആർ.പി ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ രവിപിള്ള, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.