നെല്ല് സംഭരണ സന്നദ്ധതയുമായി 67 സഹകരണ സംഘങ്ങൾ

Sunday 08 February 2026 1:18 AM IST

തിരുവനന്തപുരം: നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴിയാക്കാനുള്ള തീരുമാനം നടപ്പാക്കാൻ അതിവേഗ നടപടികളുമായി സർക്കാർ. പൈലറ്റ് പ്രോജക്ടായി നടപ്പാക്കുന്ന പാലക്കാട് 67 സഹകരണ സംഘങ്ങൾ രണ്ടാംവിള നെല്ല് സംഭരിക്കാൻ സന്നദ്ധത അറിയിച്ചു. സംഭരണ നടപടികൾക്കായുള്ള പ്രത്യേകം പോർട്ടൽ തയ്യാറാകുന്നതോടെ സംസ്ഥാനത്താകെ നെല്ല് സംഭരണം സഹകരണ സംഘങ്ങൾ വഴിയാകും. നെല്ല് സംഭരണ നോഡൽ ഏജൻസിയായ സപ്ലൈകോ ഉടൻ ഉത്തരവ് പുറത്തിറക്കും.

പാലക്കാട് താലൂക്കിൽ17, ചിറ്റൂർ15. ആലത്തൂർ15, മണ്ണാർക്കാട്5, ഒറ്റപ്പാലം7, പട്ടാമ്പി8 സഹകരണ സംഘങ്ങളാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇവയിലൂടെയാകും ജില്ലയിലെ മുഴുവൻ നെല്ലും സംഭരിക്കുക. കൈകാര്യച്ചെലവുൾപ്പെടെയുള്ളവയിൽ മില്ലുടമകളുമായി സഹകരണ സംഘങ്ങൾ കരാർ ഒപ്പുവയ്ക്കും. നെല്ല് സംഭരിക്കുമ്പോൾതന്നെ അതിന്റെ തുക കർഷകന് സഹകരണ സംഘങ്ങൾ നൽകും. സർക്കാർ ഈ തുക സംഘങ്ങൾക്ക് പിന്നീട് നൽകും.