മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് തുടങ്ങും: മന്ത്രി
കോഴിക്കോട്: ആരോഗ്യ മേഖലയുടെ കരുത്ത് ഈ രംഗത്തുള്ളവരുടെ കൂട്ടായ പ്രവർത്തനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, ദന്തൽ കോളേജ്, കോളജ് ഒഫ് നേഴ്സിംഗ് എന്നിവിടങ്ങളിൽ പ്രവൃത്തി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം മെഡിക്കൽ കോളജ് മാതൃകയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സ്കിൻ ബാങ്ക് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾക്കിടയിലും സാധാരണക്കാരന്റെ ആശ്രയമായി സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നു. ഇതിന് ഉദാഹരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം നടന്ന, 1500 ആൻജിയോ പ്ലാസ്റ്റികൾ ഉൾപ്പെടെ അയ്യായിരത്തിലധികം കാർഡിയോളജിക്കൽ പ്രൊസീജിയറുകളെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. മേയർ ഒ.സദാശിവൻ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കോർപ്പറേഷൻ കൗൺസിലർമാരായ കവിത പ്രവീൺ, ഷീതു ശിവേഷ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി വിശ്വനാഥൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ.കെ രാജാറാം തുടങ്ങിയവർ പങ്കെടുത്തു.
വരും 98 കോടിയുടെ വികസന പദ്ധതികൾ
കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിലുള്ള രോഗികളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തത് 98 കോടി രൂപയുടെ വികസന പ്രവൃത്തികൾ. ചികിത്സയ്ക്ക് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കാനുള്ള പദ്ധതികൾ ഇവയിലുണ്ട്. മികച്ച ചികിത്സ നൽകാനുള്ള ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജിലെ പരീക്ഷാ ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം, പി.ഇ.ടി സി.ടി സ്കാൻ, ഹീമോഫീലിയ ബ്ലോക്ക്, 4 കെ ലാപ് മെഷീൻ, സി.ഒ 2 ലേസർ സിസ്റ്റം, ഹാർട്ട് ലംഗ് മെഷിൻ തുടങ്ങിയവർ ഇവയിൽ പെടുന്നു. ഇവ കൂടാതെ ഇന്റീരിയർ ആൻഡ് ലാറ്ററൽ സ്കൾ നാവിഗേറ്റർ സിസ്റ്റം, ഫാമിലി പ്ലാനിംഗ് ഒ.പി, ഡ്രഗ് സ്റ്റോർ, ഗവ. ദന്തൽ കോളജ് പുതിയ ബ്ലോക്ക്, ഓഡിറ്റോറിയം, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ നവീകരണ പ്രവൃത്തികൾ, പ്രോസ്തോഡോണ്ടിക്സ് സിർക്കോണിയം ലാബ്, ഗവ. നഴ്സിങ് കോളജ് ലേഡീസ് ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൂടാതെ എം.ആർ.ഐ സ്കാൻ സെന്റർ, ബയോ മെഡിക്കൽ ഇൻസിനറേറ്റർ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു. ചടങ്ങിൽ എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത് കുമാർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി ശ്രീജയൻ, ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ സി.എസ് സൗമിത്രൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പി.ഉഷ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എൻ.ശ്രീജയൻ, മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.