ഇടപെടലുകൾ വേഗത്തിൽ, പുത്തൻ ടാഗോർ ഹാൾ ഉടൻ
കോഴിക്കോട്: വർഷം പലത് കഴിഞ്ഞിട്ടും നീണ്ടു പോയ ടാഗോർ ഹാൾ നിർമ്മാണം വേഗത്തിലാക്കാൻ ഇടപെടലുകളുമായി കോർപ്പറേഷൻ. കലാസാംസ്കാരിക പരിപാടികളുടെ വേദിയാകാൻ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ടാഗോർ ഹാൾ നിർമ്മിക്കുന്നത്. സ്വകാര്യ ഏജൻസിയിൽ നിന്നും 60 കോടിയോളം കടമെടുത്ത് നിർമ്മാണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കോർപറേഷന്റെ പുതിയ ഭരണ സമിതി. ഒപ്പം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) യിൽ നിന്ന് 49 കോടി രൂപ ലോണെടുക്കാനുള്ള ശ്രമങ്ങളും തുടരും. തുക ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. പി.ഡബ്യൂ.ഡിയിൽ നിന്ന് കെട്ടിടത്തിന്റെ ടെക്നിക്കൽ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ടു മാസത്തിനകം തന്നെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടത്താനൊരുങ്ങുകയാണ് കോർപ്പറേഷൻ. ഡി - എർത്താണ് പദ്ധതിരേഖ തയാറാക്കിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ഭാഗമായി 1973 ഡിസംബറിൽ ഉദ്ഘാടനം കഴിഞ്ഞ ഹാളാണ് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ കോർപ്പറേഷൻ പൊളിച്ച് പണിയാൻ തീരുമാനിച്ചത്. തുടർന്ന് 2023 ഓടെ ഹാൾ അടച്ചിടുകയും കഴിഞ്ഞ വർഷം ഒക്ടോബറോടെ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 7.6 ലക്ഷം രൂപ ചെലവഴിച്ച് കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സാണ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്.
ഉയരുന്നത് മൂന്ന് നില കെട്ടിട സമുച്ചയം
ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി കോംപ്ലക്‌സ് മാതൃകയിലാണ് പുതിയടൗൺ ഹാൾ പണിയുക. പുസ്തക ഷോപ്പുകളും മൾട്ടിപ്ലക്സ് തിയറ്ററുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ടാകും. 2000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനിഹാൾ, ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ, ആധുനിക അടുക്കള, 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ്ഹാൾ, വിശാലമായ പാർക്കിംഗ് സംവിധാനം, പൊതുജനങ്ങൾക്ക് പണം നൽകി പാർക്ക് ചെയ്യാനുള്ള സംവിധാനം, സംസ്കാരിക പ്രവർത്തകർക്കും തെരുവ് കലാകാരന്മാർക്കുമുള്ള 100 പേർക്കെങ്കിലും ഇരിക്കാവുന്ന ഓപൺ ആംഫി തിയറ്റർ, കവിതാ തെരുവ് തുടങ്ങിയവയുമുണ്ടാകും.
'പുതിയ ടൗൺ ഹാളിന്റെ നിർമ്മാണം ആരംഭിക്കാനുള്ള പ്രവർത്തനങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. പണം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങാനാണ് ശ്രമം''
ഒ സദാശിവൻ, മേയർ