എൻ.ഡി.എ പ്രചാരണത്തിന് തുടക്കം, ചുവരിൽ താമര വരച്ച് നിതിൻ
തൃശൂർ: ഒല്ലൂക്കരയിലെ മതിലിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ താമര ചിഹ്നം വരച്ചതോടെ എൻ.ഡി.എയുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഒല്ലൂക്കര കൃഷ്ണാപുരം 164-ാം നമ്പർ ബൂത്തിലെ ലാൽസൺ നടുപറമ്പിലിന്റെ വീടിന്റെ മതിലിലാണ് താമരചിഹ്നം വരച്ചത്.
താമരയുടെ രേഖാചിത്രത്തിൽ പെയിന്റുപയോഗിച്ചാണ് വരച്ചത്. താമരയുടെ നടുവിലെ ഭാഗം വരച്ചശേഷം നിതിൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ബ്രഷ് കൈമാറി. തുടർന്ന് എങ്ങനെയുണ്ടെന്ന് മാദ്ധ്യമങ്ങളോട് ചോദിച്ചു. പിന്നീട് ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്, ഏരിയ പ്രസിഡന്റ് അശ്വനി അജയൻ, ബൂത്ത് പ്രസിഡന്റ് ടി.കെ. കണ്ണൻ എന്നിവരോടും വരയ്ക്കാൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, എറണാകുളം മേഖലാ പ്രസിഡന്റ് എ.നാഗേഷ്, ജില്ലാ പ്രഭാരി ഗോപകുമാർ, വിപിൻ ഐനിക്കുന്നത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, പി.കെ.ബാബു, കെ.ആർ.ഹരി, വിജയൻ മാപ്രത്ത്, സുധീഷ് മേനോത്തുപറമ്പിൽ എന്നിവർ അദ്ധ്യക്ഷനെ സ്വീകരിച്ചു.
ബൂത്ത് പ്രസിഡന്റിനെ ചേർത്തുനിറുത്തി സംസ്ഥാന പ്രസിഡന്റടക്കമുള്ള മുതിർന്ന നേതാക്കളുണ്ടായിരുന്നെങ്കിലും കൃഷ്ണാപുരം ബൂത്ത് പ്രസിഡന്റ് ടി.കെ. കണ്ണൻ, ഏരിയ പ്രസിഡന്റ് അശ്വനി അജയൻ, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് എന്നിവരെയാണ് നിതിൻ നവീൻ തന്റെ അരികിൽ നിറുത്തിയത്. ബൂത്ത് പ്രസിഡന്റിനെ പൊന്നാടയണിയിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരനെ ആദരിച്ചു.