അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ ആക്രമണം വിട്ട് യു.ഡി.എഫ് പ്രതിരോധത്തിലേക്ക്
തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്തതോടെ ,കോൺഗ്രസ് പ്രതിരോധത്തിൽ. സർക്കാരിനും സി.പി.എമ്മിനുമെതിരെ യു.ഡി.എഫ് ആക്രമണം ശക്തമാക്കുന്നതിനിടെ കൺവീനറെ ചോദ്യം ചെയ്തത് എൽ.ഡി.എഫിന് തിരിച്ചടിക്കാനുള്ള ആയുധമായി. കോൺഗ്രസിൻെ്റ മുതിർന്ന നേതാക്കൾക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന വ്യാപക പ്രചാരണമാണ് ഇപ്പോൾ എൽ.ഡി.എഫ് .നടത്തുന്നത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന ഫോട്ടോയുടെ പേരിൽ മാത്രമുള്ള ചോദ്യം ചെയ്യൽ രാഷ്ട്രീയപ്രേരിതമെന്ന ആരോപണമാണ് കോൺഗ്രസ് നേതാക്കളുടെത്. എങ്കിൽ, മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണം. എസ്.ഐ.ടിയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നതാണ്. സി.പി.എമ്മിനും സർക്കാരിനുമെതിരായ ആക്രമണത്തോടൊപ്പം പ്രതിരോധ നിലപാടുകൾ വിശദീകരിക്കാനും യു.ഡി.എഫ് ഒരുങ്ങുകയാണ്.
കഴിഞ്ഞ ഒക്‌ടോബറിൽ യു.ഡി.എഫ് നടത്തിയ വിശ്വാസ സംരക്ഷണ തെക്കൻ യാത്ര നയിച്ചത് അടൂർ പ്രകാശായിരുന്നു. സ്വർണ്ണക്കൊള്ളക്കേസിൽ ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നിട്ടും യു.ഡി.എഫ് പിൻമാറിയതിന് കാരണം ഇതുമായുള്ള
കോൺഗ്രസ് ബന്ധമാണെന്ന പ്രചാരണം സി.പി.എം ശക്തമാക്കുന്നു.
കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് അടൂർ പ്രകാശിനെ എസ്.ഐ.ടി വിളിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻെ്റ പുതുയുഗ യാത്രയുടെ കാസർകോട്ടെ ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശ് പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് തിരുവനന്തപുരത്ത് എസ്.ഐ.ടിക്ക് മുന്നിലെത്തിയത്. സോണിയാ ഗാന്ധിയെ കാണാൻ പോയപ്പോൾ മണ്ഡലത്തിലെ വോട്ടറെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പം പോയെന്നാണ് അടൂർ പ്രകാശിൻ്റെ വാദം.
കൃത്യമായ മറുപടി നൽകി: അടൂർ പ്രകാശ്
പ്രത്യേക അന്വേഷണ സംഘം ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മറുപടി തൃപ്തികരമാണോയെന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഒരു പോറ്റിയേയും കണ്ടില്ല. ഉപ്പളയിൽ നിന്നു തിരിച്ചെത്തിയ തന്നെ എസ്.പിയാണ് വിളിച്ചത്. നോട്ടീസ് നൽകിയിട്ടല്ല ഹാജരായത്. എന്തോ സഹായം ചെയ്തുവെന്ന തരത്തിൽ പ്രചരണമുണ്ടായപ്പോൾ അന്വേഷണ സംഘത്തിന് വ്യക്തത വരുത്തേണ്ടി വരും. ഒളിച്ചോടിയിട്ടില്ല. ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെങ്കിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടി വരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.