ഹെറ്റ്മേയർക്ക് അർദ്ധസെഞ്ച്വറി, ഷെപ്പേഡിന് ഹാട്രിക്ക് വിന്നിംഗ് തുടങ്ങി വിൻഡീസ്

Saturday 07 February 2026 11:47 PM IST

കൊൽക്കത്ത : ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെതിരെ തകർപ്പൻ വിജയവുമായി വെസ്റ്റ് ഇൻഡീസ്. 36 പന്തുകളിൽ 64 റൺസ് നേടിയ ഷിമ്രോൺ ഹെറ്റ്മേയറുടെ അർദ്ധസെഞ്ച്വറിയും ഹാ‌ട്രിക് ഉൾപ്പടെ അഞ്ചുവിക്കറ്റ് നേടിയ റൊമാരിയോ ഷെപ്പേഡിന്റെ ബൗളിംഗ് പ്രകടനവും വിൻഡീസിന്റെ വിജയത്തിന് അഴക് കൂട്ടി. ബംഗ്ളാദേശിന് പകരം ലോകകപ്പിൽ ഇ‌ടം പിടിച്ച സ്കോട്ട്‌ലാൻഡിന് ആദ്യ മത്സരരത്തിൽ നിരാശയായിരുന്നു ഫലം.

ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 182/5 എന്ന സ്കോർ ഉയർത്തിയപ്പോൾ സ്കോട്ട്‌ലാൻഡിന്റെ മറുപടി 18.5 ഓവറിൽ 147 റൺസിൽ അവസാനിക്കുകയായിരുന്നു. ബ്രാൻഡൻ കിംഗും (35), ക്യാപ്ടൻ ഷായ് ഹോപ്പും (19) ചേർന്ന് വിൻഡീസിന് മാന്യമായ തുടക്കം നൽകി. ഒൻപതാം ഓവറിൽ ഷായ് ഹോപ്പ് പുറത്തായപ്പോൾ ക്രീസിലെത്തിയ ഹെറ്റ്മേയർ 19-ാം ഓവറിൽ പുറത്തായപ്പോൾ ടീം സ്കോർ 54/1ൽ നിന്ന് 175/4ലേക്ക് എത്തിയിരുന്നു. രണ്ട് ഫോറുകളും ആറ് സിക്സുകളും പറത്തിയ ഹെറ്റ്മേയർക്കൊപ്പം റോവ്‌മാൻ പവൽ (24), ഷെർഫാനേ റൂതർഫോഡ് (26) എന്നിവരുടെ സംഭാവനകളും വിൻഡീസിനെ മികച്ച സ്കോറിലെത്തിച്ചു.

മറുപടിക്കിറങ്ങിയ സ്കോട്ട്‌ലാൻഡിന്റെ ഓപ്പണർ മിച്ചേൽ ജോൺസിനെ(1) രണ്ടാം ഓവറിൽതന്നെ പുറത്താക്കിയ ജാസൺ ഹോൾഡറാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. അഞ്ചാം ഓവറിൽ ബ്രണ്ടൻ മക്മുള്ളനെ(14) ബൗൾഡാക്കിയാണ് ഷെപ്പേഡ് വേട്ട തുടങ്ങിയത്. റിച്ചി ബെറിംഗ്ടൺ (42), ടോം ബ്രൂസ് (35) എന്നിവർകൂടി പുറത്തായതോടെ സ്കോട്ട്‌ലാൻഡിന്റെ പിടിവിട്ടുതുടങ്ങി. തുടർന്ന് ഷെപ്പേഡ് ഹാട്രിക്ക് ഉൾപ്പടെ ഒരോവറിൽ നാലുവിക്കറ്റ് വീഴ്ത്തി.

അടുത്ത ബുധനാഴ്ച ഇംഗ്ളണ്ടിനെതിരെയാണ് വിൻഡീസിന്റെ അടുത്ത മത്സരം. സ്കോട്ട്‌ലാൻഡ് നാളെ ഇറ്റലിയെ നേരിടും.

ഹാട്രിക്ക് ഇങ്ങനെ

16.2-ാം ഓവറിൽ മാത്യൂ ക്രോസിനെ(11) റൂതർ ഫോർഡിന്റെ കയ്യിലെത്തിച്ചു.

16.3-ാം ഓവറിൽ മൈക്കേൽ ലീസിനെ പവലിന്റെ കയ്യിലെത്തിച്ചു.

16.4-ാം ഓവറിൽ ഒലിവർ ഡേവിഡ്സണിനെ (0) ബൗൾഡാക്കി.

ഒരുപന്തിനുശേഷം സഫ്യാൻ ഷെരിഫിനെ (0) ഹോൾഡറുടെ കയ്യിലെത്തിച്ചു.