സീറ്റ് വച്ചുമാറലിൽ വഴിമുട്ടി കോൺഗ്രസ് - ലീഗ് ചർച്ച
മലപ്പുറം: തിരുവമ്പാടി, കളമശ്ശേരി, ഗുരുവായൂർ സീറ്റുകളുടെ വച്ചുമാറ്റത്തിൽ തട്ടി കോൺഗ്രസ് - മുസ്‌ലിം ലീഗ് സീറ്റ് നിർണ്ണയ ചർച്ചകൾ വഴിമുട്ടി. 12ന് കോഴിക്കോട് ചേരുന്ന നേതൃയോഗശേഷം തുടർനടപടി മതിയെന്നാണ് ലീഗിന്റെ നിലപാട്. അന്ന് പുതുയുഗ യാത്രയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോടുണ്ടാവും. അവിടെ വച്ച് ചർച്ച തുടരാനാണ് കോൺഗ്രസ് നീക്കം.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്ക് വേണ്ടിയാണ് തിരുവമ്പാടിയിൽ കോൺഗ്രസ് കണ്ണുവച്ചിരിക്കുന്നത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലമാണിത്. നേരത്തെ കോൺഗ്രസിന്റെ മണ്ഡലമായിരുന്നു. പകരം പട്ടാമ്പി വേണമെന്നാണ് ലീഗ് നിലപാട്. പട്ടാമ്പി കൊടുക്കുന്നതിനെ കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർക്കുകയാണ്.
പക്ഷേ, കോൺഗ്രസ് പ്രാദേശിക നേതൃത്വം അതിശക്തമായി എതിർക്കുകയാണ്. കളമശ്ശേരിയിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. വി.കെ.ഇബ്രാഹീം കുഞ്ഞിന്റെ മകൻ മതിയെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പകരം കൊച്ചി നൽകാമെന്ന വാഗ്ദാനം ലീഗ് തള്ളിയിട്ടുണ്ട്.
ലീഗിൽ നിന്ന് പിടിച്ചുവാങ്ങിയെന്ന പ്രതീതി മറ്റു മണ്ഡലങ്ങളിൽ തിരിച്ചടിക്കുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്. സമവായമെന്ന നിലയിൽ സി.എം.പി നേതാവ് സി.പി. ജോണിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ഇതിനെ ലീഗ് എതിർക്കില്ലെങ്കിലും പകരം സീറ്റ് നൽകേണ്ട ബാദ്ധ്യത കോൺഗ്രസിനാവും. ഗുരുവായൂരിന് പകരം തൃശൂരിൽ ലീഗ് മറ്റൊരു സീറ്റ് ചോദിക്കുന്നുണ്ട്.
നാലിടത്ത് ധാരണയായി
കോങ്ങാട്, ചേലക്കര, ചടയമംഗലം, പുനലൂർ സീറ്റുകളുടെ വച്ചുമാറ്റത്തിന് ധാരണയായിട്ടുണ്ട്. ലീഗിന്റെ കൈവശമുള്ള കോങ്ങാടിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ ചേലക്കര ലീഗിന് വിട്ടുകൊടുക്കും. രണ്ടും സംവരണ മണ്ഡലങ്ങളാണ്. ലീഗ് മത്സരിക്കുന്ന പുനലൂർ ഏറ്റെടുക്കുന്ന കോൺഗ്രസ് പകരം ചടയമംഗലം നൽകും. നാല് മണ്ഡലങ്ങളും ഇടതുകോട്ടകളാണ്.