ഫഹീം ഇല്ലായിരുന്നേൽ, പാകിസ്ഥാൻ പെട്ടേനെ...

Saturday 07 February 2026 11:52 PM IST

ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റിന് നെതർലാൻഡ്സിനെ തോൽപ്പിച്ചു

കൊളംബോ : ട്വന്റി -20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നെതർലാൻഡ്സിനോട് തോൽവിയിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു. ടോസ് നേടി നെതർലാൻഡ്സിനെ ആദ്യ ബാറ്റിംഗിനിറക്കി 147 റൺസിന് ആൾഔട്ടാക്കിയെങ്കിലും മറുപടിയിൽ 114/7 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ എട്ടാമനായിറങ്ങി 11 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 29 റൺസടിച്ച ഫഹീം അഷ്റഫാണ് മൂന്നുപന്തുകൾ ശേഷിക്കേ വിജയത്തിലെത്തിച്ചത്.

ക്യാപ്ടൻ സ്കോട്ട് എഡ്‌വാഡ്സ് (37), ബസ് ഡി ലീഡ് (30),മൈക്കേൽ ലെവിറ്റ് (24), കോളിൻ ആക്കർമാൻ (20) എന്നിവരുടെ ശ്രമഫലമായാണ് നെതർലാൻഡ്സ് 147ലെത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൽമാൻ മിർസയും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ്, സെയിം അയൂബ് എന്നിവർ ചേർന്നാണ് ഈ സ്കോറിൽ ഒതുക്കിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന് വേണ്ടി സഹിബ്സദ ഫർഹാനും (47), സെയിം അയൂബ് (24) എന്നിവർ നല്ല തുടക്കം നൽകിയെങ്കിലും ക്യാപ്ടൻ സൽമാൻ ആഗ(12), ബാബർ അസം (15),ഉസ്മാൻ ഖാൻ(0), ഷദാബ് ഖാൻ (8),നവാസ് (6) എന്നിവരുടെ പുറത്താകൽ അവരെ സമ്മർദ്ദത്തിലാക്കി. അപ്പോഴാണ് ഫഹീം രക്ഷകനായത്. ഫഹീമാണ് പ്ളേയർ ഒഫ് ദ മാച്ച്.

ചൊവ്വാഴ്ച അമേരിക്കയ്ക്ക് എതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.നെതർലാൻഡ്സ് ചൊവ്വാഴ്ച നമീബിയയെ നേരിടും.