ഗോവയ്ക്ക് പന്തുകൊണ്ടും പണികൊടുത്ത് ഷോൺ

Saturday 07 February 2026 11:53 PM IST

തിരുവനന്തപുരം: അണ്ടർ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255-നെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗോവ 171 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ഷോൺ റോജറുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് കരുത്തായത്. നേരത്തേ ബാറ്റിംഗിൽ ഷോൺ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ ഒരേ മത്സരത്തിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റും എന്ന അപൂർവ്വ നേട്ടവും ഷോൺ സ്വന്തമാക്കി. രണ്ടാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ എസ്. എസ്. അക്ഷയ് (10), അഭിഷേക് ജെ. നായർ (2) എന്നിവരെ നഷ്ടമായി. കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുത്തിട്ടുണ്ട്.