തൃശൂർ കോർപറേഷൻ കൗൺസിലിൽ കൂട്ടയടി, വനിതാ കൗൺസിലർക്ക് പരിക്ക്

Sunday 08 February 2026 1:14 AM IST

തൃശൂർ: തൃർശൂർ കോർപറേഷനിൽ പ്രതിപക്ഷത്തെ ഇടതു കൗൺസിലർമാർക്ക് ഒരുമിച്ചിരിക്കാൻ അവസരം നൽകാത്തതിനെ ചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. ഭരണ - പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. ഭരണപക്ഷത്തെ വനിതാ കൗൺസിലർക്കും മേയറുടെ പി.എയ്ക്കും പരിക്കേറ്റു. കൗൺസിലർ മേഴ്‌സി അജി, പി.എ ഇ.വി.സുനിൽ രാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൽ.ഡി.എഫ് അംഗങ്ങൾക്ക് ഒന്നിച്ചിരിക്കാനാകും വിധം ഇരിപ്പിടം അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും മേയർ നിരസിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പൊതുചർച്ചയ്ക്ക് മേയർ മറുപടി പറയുന്നതിനിടെ, പ്രകോപിതനായ ഇടതുപക്ഷ കൗൺസിലർ അനീസ് മുഹമ്മദ് മേയറുടെ ഇരിപ്പിടത്തിനടുത്തേക്ക് പാഞ്ഞടുത്തു. തടയാൻ ഭരണപക്ഷ കൗൺസിലർമാരും കുതിച്ചെത്തി. എൽ.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെ ഉന്തും തള്ളുമായി. ഇതോടെ മേയർ ചേംബറിലേക്ക് മടങ്ങി. പിന്നീട് എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ചേംബറിൽ കുത്തിയിരുന്നു. പൊലീസെത്തി കൗൺസിലംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കി. ആക്രമിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മേയർ നിജി ജസ്റ്റിൻ ആരോപിച്ചു.