ഫിൻടെക് കമ്പനിയുടെ 3.14 കോടി തട്ടി; മുൻ ജീവനക്കാരനെതിരെ കേസ്
കൊച്ചി: ഡിജിറ്റൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ നുഴഞ്ഞുകയറി 3.14 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻ ജീവനക്കാരനെതിരെ സൈബർ പൊലീസ് കേസെടുത്തു. മാസങ്ങൾക്ക് മുമ്പ് സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞുപോയ ആളാണ് സംശയ നിഴലിലുള്ള മൊസിബുർ റഹ്മാൻ.
എറണാകുളം കേന്ദ്രമായ എയ്സ്‌വെയർ ഫിൻടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്സൈറ്റിലും മർച്ചന്റ് അക്കൗണ്ടുകളിലും മാറ്റം വരുത്തിയാണ് പണം തട്ടിയത്. 2025 ജൂലായ് രണ്ട് മുതൽ 2026 ഫെബ്രുവരി രണ്ട് വരെ നടന്ന തട്ടിപ്പ് കഴിഞ്ഞദിവസമാണ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചീഫ് ടെക്നോളജി ഓഫീസർ നൽകിയ പരാതിയിൽ കേസെടുക്കുകയായിരുന്നു. കമ്പനിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയാണ് പണം കൈക്കലാക്കിയതെന്ന് സൈബർ എസ്.എച്ച്.ഒ ഷമീർഖാൻ അറിയിച്ചു. ധനകാര്യ ഡിജിറ്റൽ സേവനങ്ങളായ അപ്ലിക്കേഷൻസ്, സോഫ്റ്റ്‌വെയർ സർവീസുകളുമായി ബന്ധപ്പെട്ടാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.