'ആര് പറഞ്ഞാലും ഇനി മത്സരിക്കാനില്ല': സുരേഷ് കുറുപ്പ്

Sunday 08 February 2026 12:18 AM IST

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോട്ടയത്തു മത്സരിപ്പിക്കാൻ സുഹൃത്തായ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സമ്മർദ്ദം ചെലുത്തിയെന്ന വാർത്ത തള്ളി അഡ്വ. കെ. സുരേഷ് കുറുപ്പ്. 'മൂന്നു തവണ എം.പിയും രണ്ടു തവണ എം.എൽ.എയുമായി. പാർലമെന്ററി താത്പര്യം അവസാനിച്ചു. ആര് ക്ഷണിച്ചാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. സി.പി.എം വിട്ട് മറ്റു പാർട്ടികളിലേക്കു പോകുമെന്ന പ്രചാരണം എന്നെ അറിയാത്ത ചിലരുടെ വ്യാമോഹമാണ്. ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായി തുടരും'-നിറചിരിയോടെ സുരേഷ് കുറുപ്പ് പറഞ്ഞു.

ഇടക്കാലത്ത് പാർട്ടിയിൽ സജീവമല്ലാതായ സുരേഷ് കുറുപ്പ് സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന കത്ത് സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ പാർട്ടി സമ്മേളനകാലത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സി.പി.എം ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട ബ്രാഞ്ച് കമ്മിറ്റി അംഗമാക്കിയെങ്കിലും കുറുപ്പ് പിന്നീട് പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. കോട്ടയം നിയമസഭാ മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ കടുത്ത മത്സരം നടത്താൻ രാഷ്ടീയത്തിനതീതമായി എല്ലാ വിഭാഗങ്ങൾക്കിടയിലും പൊതു സ്വീകാര്യനായ കുറുപ്പിന് കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു മത്സരിപ്പിക്കാൻ നീക്കം നടന്നത്. കുറുപ്പുമായി ദീർഘകാല സൗഹൃദമുള്ള എം.എ. ബേബി ബന്ധപ്പെട്ടുവെന്നായിരുന്നു പ്രചാരണം.